കട്ടപ്പന: ഇരട്ടയാറിൽ പോക്‌സോ കേസ് അതിജീവിത മരിച്ചതു കഴുത്തു ഞെരിഞ്ഞതുമൂലം ശ്വാസംമുട്ടിയാണെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കഴുത്തിൽ മുറുക്കിയിരുന്ന ബെൽറ്റ് മൂലമാണു മരണം സംഭവിച്ചതെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ, ബെൽറ്റ് സ്വയം കഴുത്തിൽ ചുറ്റിയതാണോ മറ്റാരെങ്കിലും ചെയ്തതാണോയെന്നു സ്ഥിരീകരിക്കാനായിട്ടില്ല. ഫൊറൻസിക്, വിരലടയാള വിദഗ്ധരുടെ പരിശോധനാ റിപ്പോർട്ട് ലഭ്യമായെങ്കിൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണു പതിനെട്ടുകാരിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മുണ്ട് ധരിക്കുമ്പോൾ ഉപയോഗിക്കുന്ന രീതിയിലുള്ള ബെൽറ്റ് പലതവണ കഴുത്തിൽ ചുറ്റിയശേഷം ലോക്കിട്ട നിലയിലായിരുന്നു. പെൺകുട്ടിയുടെയും സുഹൃത്തുക്കളെയും മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. മേഖലയിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. സംസ്‌കാരം നടത്തി.