ആലപ്പുഴ: ബസ്സിനുള്ളിൽ യാത്രക്കാർക്ക് കുപ്പിവെള്ളം നൽകുന്നതിനു പിന്നാലെ ലഘുഭക്ഷണവും കൊടുക്കാൻ തയ്യാറെടുത്ത് കെ.എസ്.ആർ.ടി.സി. ബസിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കുകയാണു ലക്ഷ്യം. ഇതിനായി താത്പര്യമുള്ളവരിൽനിന്ന് നിർദേശങ്ങളും വിവരണവും ക്ഷണിച്ചു. മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു.

ലഘുഭക്ഷണം പാക്കുചെയ്തതും യാത്രയ്ക്കിടയിൽ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമാകണം. ഗുണനിലവാരവും ശുചിത്വവും പാലിക്കണം. ബസ്സിനുള്ളിൽ ഷെൽഫ്-വെൻഡിങ് മെഷീൻ സ്ഥാപിക്കുന്നതിനുള്ള സ്ഥലസൗകര്യം നൽകും. പദ്ധതി നടത്തിപ്പു സംബന്ധിച്ച അന്തിമതീരുമാനം കെ.എസ്.ആർ.ടി.സി. ചെയർമാനാണ്.

നിർദേശങ്ങൾ തിരുവനന്തപുരത്തെ കെ.എസ്.ആർ.ടി.സി. ആസ്ഥാനമായ ട്രാൻസ്‌പോർട്ട് ഭവനിലെ തപാൽ സെഷനിൽ നേരിട്ടെത്തിക്കണം. 'ലഘുഭക്ഷണ വിതരണത്തിനുള്ള നിർദ്ദേശം- കെ.എസ്.ആർ.ടി.സി. ബസുകളിൽ' എന്ന് രേഖപ്പെടുത്തി 24-നു വൈകുന്നേരം 5-നു മുൻപ് നൽകണം.

കഴിഞ്ഞദിവസം വാട്ടർ അഥോറിറ്റിയുമായിചേർന്ന് ബസ്സുകളിൽ കുപ്പിവെള്ളം വിതരണംചെയ്യുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് യാത്രക്കാരിൽനിന്നു ലഭിച്ചത്. ലിറ്ററിന് 15 രൂപയ്ക്കാണ് 'ഹില്ലി അക്വ' വെള്ളം സൂപ്പർഫാസ്റ്റ് മുതൽ ഉയർന്ന ശ്രേണിയിലുള്ള ബസ്സുകളിൽ നൽകുക.