- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുതിയകാലത്തെ ആരോഗ്യപ്രശ്‌നങ്ങളെ നേരിടാൻ സംയുക്ത പരിശ്രമം വേണം: ഗവർണർ
തിരുവനന്തപുരം: പുതിയകാലത്തെ ആരോഗ്യപ്രശ്‌നങ്ങളെ നേരിടാൻ വ്യത്യസ്ത ആരോഗ്യ പരിരക്ഷാധാരകളുടെ യോജിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷന്റെ വാർഷിക കൺവെൻഷനായ ട്രിമ 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ പല ആരോഗ്യപ്രശ്‌നങ്ങളേയും കൈകാര്യം ചെയ്യാൻ വൺ ഹെൽത്ത് (ഏകാരോഗ്യം) എന്ന ആശയത്തിനു സാധിക്കുമെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. 'വൺ ഹെൽത്ത്: ഓൾ ഫോർ വൺ, വൺ ഫോർ ഓൾ' എന്ന സമ്മേളനത്തിന്റെ കേന്ദ്രവിഷയത്തിലാണ് ഇത്തവണത്തെ കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്.
മനുഷ്യനും മൃഗങ്ങളും പ്രകൃതിയും സംയോജിക്കുന്നിടത്താണ് ഈ ആശയത്തിന്റെ പ്രസക്തി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വാക്‌സിനേഷൻ പോലുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതിന്റെയും ഭാവിയിൽ ഇത്തരം ഔട്‌ബ്രേക്കുകളുണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളുടേയും ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
ട്രിമ സംഘാടക സമിതി ചെയർമാനും മുൻ അംബാസിഡറുമായ ടി.പി.ശ്രീനിവാസൻ, ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് സി.പത്മകുമാർ, സെക്രട്ടറി വിങ് കമാൻഡർ രാഗശ്രീ ഡി. നായർ, ഇന്റർനാഷണൽ ട്രേഡ് കൺസൾട്ടന്റ് ജോയിന്റ് സെക്രട്ടറി മോഹനൻ വേലായുധ് എന്നിവർ സംസാരിച്ചു. തിരുവനന്തപുരത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ വിവിധ പുരസ്‌കാരങ്ങൾ ഗവർണർ വിതരണം ചെയ്തു. ടിഎംഎ- ട്രിവാൻഡ്രം ഡെവലപ്‌മെന്റ് അവാർഡിന് ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായരും ടിഎംഎ- പഡോസൻ സിഎസ്ആർ അവാർഡിന് ഐബിഎസ് സോഫ്റ്റ്‌വെയർ പ്രൈവറ്റ് ലിമിറ്റഡും ടിഎംഎ- അദാനി സ്റ്റാർട്ടപ് അവാർഡിന് കുദറത്തുമാണ് അർഹരായത്. ടിഎംഎ- നിംസ് ബെസ്റ്റ് ബി സ്‌കൂൾ അവാർഡിൽ ഡി.സി. സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജി ഒന്നാം സ്ഥാനവും ഏഷ്യൻ സ്‌കൂൾ ഓഫ് ബിസിനസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ടിഎംഎ-കിംസ്‌ഹെൽത്ത് തീം പ്രസന്റേഷൻ പുരസ്‌കാരത്തിൽ ഒന്നാം സമ്മാനം അൽമ, നീഹാര ആർ. നായർ, റോഷ്‌ന പർവീൺ ആർ. (സിഇടി സ്‌കൂൾ ഓഫ് മാനേജ്‌മെന്റ്) എന്നിവരും രണ്ടാം സമ്മാനം ഗോവിന്ദ് എസ്, ആദി നാരായണൻ (ഡി.സി. സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജി) എന്നിവരുമാണ് പങ്കിട്ടത്.
മാനേജ്മെന്റ് രംഗത്തു പ്രവർത്തിക്കുന്ന പ്രൊഫഷണലുകളുടെ അപ്പെക്സ് ബോഡിയായ ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷനുമായി (എഐഎംഎ) അഫിലിയേറ്റ് ചെയ്തിട്ടുള്ളതാണ് ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷൻ.
വെള്ളിയാഴ്ച വൈകിട്ട് 3.30ന് നടക്കുന്ന സമാപന സമ്മേളനം ആരോഗ്യ വകുപ്പു മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. ഐഎച്ച്ആർ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ നാഷണൽ പ്രൊഫഷണൽ ഓഫീസർ ഡോ. ഋതു സിങ് ചൗഹാൻ, എസ്‌ബിഐ ചീഫ് ജനറൽ മാനേജർ എ. ഭുവനേശ്വരി എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.