കൊച്ചി: പെരുമ്പാവൂർ വേങ്ങൂരിലെ മഞ്ഞപ്പിത്തബാധയിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആർ.ഡി.ഒയ്ക്ക് നിർദ്ദേശം നൽകി.

ആരോഗ്യവിഭാഗത്തിന്റെ പ്രാഥമിക പരിശോധനയിൽ ജല അഥോറിറ്റിയുടെ വീഴ്ചയാണ് വ്യാപക മഞ്ഞപ്പിത്തബാധയ്ക്ക് കാരണമെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ യാതൊരുവിധ നടപടികളും സ്വീകരിച്ചിരുന്നില്ല. വേങ്ങൂർ പഞ്ചായത്തിലെ 200 ലധികം പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്.

ഇക്കഴിഞ്ഞ ഏപ്രിൽ 17-നാണ് വെങ്ങൂർ പഞ്ചായത്തിലെ കൈപ്പള്ളിയിലെ ഒരു കുടുംബത്തിൽ മഞ്ഞപ്പിത്തബാധ റിപ്പോർട്ട് ചെയ്യുന്നത്. പിന്നീട് 19-ാം തീയതി പത്താം വാർഡിലും പന്ത്രണ്ടാം വാർഡിലും രണ്ടു പേർക്ക് വീതം കൂടി രോഗബാധ സ്ഥിരീകരിച്ചപ്പോഴാണ് മഞ്ഞപ്പിത്ത വ്യാപനം നടക്കുന്നതായി സംശയം ഉണ്ടായതും അതിനെക്കുറിച്ചുള്ള വിശദമായ അന്വേഷണങ്ങൾ തുടങ്ങിയതും. വക്കുവള്ളിയിലെ ജല അഥോറിറ്റിയുടെ സംഭരണിയിൽനിന്നുള്ള കുടിവെള്ളം ഉപയോഗിച്ചവർക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.