കണ്ണൂർ: കണ്ണൂരിൽ വാഹനഗതാഗതം തടസപ്പെടുത്തി കൂട്ടത്തല്ല് നടത്തിയ കോൺഗ്രസ് നേതാവ് ഉൾപ്പെടെ ആറുപേർക്കെതിരെ ശ്രീകണ്ഠാപുരം പൊലിസ് കേസെടുത്തു. ശ്രീകണ്ഠാപുരം നഗരത്തിലെ രാജീവ് ഗാന്ധി സഹകരണ ആശുപത്രിക്ക് മുൻപിൽ ബുധനാഴ്‌ച്ച ഉച്ചയ്ക്കാണ് കൂട്ടത്തല്ല് നടന്നത്. കെപിസിസി അംഗം മുഹമ്മദ് ബ്ലാത്തൂരിനും മറ്റു അഞ്ചു പേർക്കുമെതിരെയാണ് കേസെടുത്തത്. ട്രാവൽ ഏജൻസി നടത്തിപ്പുകാരുമായുള്ള സാമ്പത്തിക തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്.

ബുധനാഴ്‌ച്ച ഉച്ചയ്ക്കാണ് സംഘർഷാഭരിതമായ രംഗങ്ങൾ അരങ്ങേറിയത്.ആശുപത്രിയുടെ പത്താമത് വാർഷിക ദിനത്തിലാണ് കൂട്ടത്തല്ലുണ്ടായത്. ആശുപത്രിയുടെ ചെയർമാൻ കൂടിയായ മുഹമ്മദ് ബ്ലാത്തൂരും മകനും സഹോദരനുമായിരുന്നു ഒരുവശത്ത്. ഇരിക്കൂർ സ്വദേശികളായ അച്ഛനും മകനുമായിരുന്നു മറുവശത്ത്. ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ട യാത്ര ചെയ്തതിനെ തുടർന്നുള്ള പണമിടപാട് സംബന്ധിച്ച തർക്കം കൂട്ടത്തല്ലിലേക്ക് കലാശിക്കുകയായിരുന്നു.

ഇരിക്കൂർ സ്വദേശിയുടെ മകന് മുഹമ്മദ് ബ്ലാത്തൂരിന്റെ മകൻ പണം നൽകാനുണ്ടെന്ന കാര്യം ചോദിച്ചപ്പോഴാണ് തർക്കമുണ്ടായത്. ഇതേ തുടർന്നു ഇവർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും നടുറോഡിൽ വെച്ചു പൊരിഞ്ഞ അടി നടക്കുകയുമായിരുന്നു. പൊലിസും നാട്ടുകാരും ചേർന്നാണ് ഇരുവിഭാഗത്തെയും പിടിച്ചു മാറ്റിയത്. സംഘർഷമുണ്ടായതിനെ തുടർന്ന് ആശുപത്രി വാർഷികാഘോഷപരിപാടികളും അലങ്കോലമായി.

ആശുപത്രിയിലേക്ക് അതിക്രമിച്ചു കയറിയതിന് ട്രാവൽ ഏജൻസി നടത്തിപ്പുകാരനും പിതാവിനുമെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. ആശുപത്രി ജീവനക്കാരുടെ പരാതിയിലാണ് ഇവർക്കെതിരെ കേസെടുത്തത്. കോൺഗ്രസ് നേതാവ് നടുറോഡിൽ വെച്ചു കൈയാങ്കളി നടത്തിയതിനെ കുറിച്ചു പാർട്ടി നേതൃത്വവും അന്വേഷണമാരംഭിച്ചിട്ടുണ്ട്. കോൺഗ്രസ് നിയന്ത്രിത ആശുപത്രിയാണ് ശ്രീകണ്ഠാപുരത്തെ രാജീവ് ഗാന്ധി സ്മാരക സഹകരണ ആശുപത്രി. കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവ് കൂടിയാണ് മുഹമ്മദ് ബ്ളാത്തൂർ.സംഭവം പാർട്ടി പ്രവർത്തകർക്കു നാണക്കേടുണ്ടായതിനെ തുടർന്നാണ് കോൺഗ്രസ് ജില്ലാ നേതൃത്വം അന്വേഷണമാരംഭിച്ചത്.