കണ്ണൂർ: കണ്ണൂർ നഗരത്തിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട.വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ഇടപാടുകാർക്ക് അതിമാരക മയക്ക് മരുന്നായ മെത്തഫിറ്റമിൻ എത്തിച്ചുകൊടുക്കുന്ന രണ്ടംഗസംഘത്തെ എക്സൈസ് അറസ്റ്റു ചെയ്തു. വിവിധ ബാങ്ക് അക്കൗണ്ടുകളിൽ പണം മുൻകൂർ വാങ്ങി ഉപഭോക്താക്കൾക്ക് മയക്കുമരുന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിക്ഷേപിച്ച് ഗൂഗിൾ ലോക്കേഷൻ നൽകി വിൽപന നടത്തി വന്ന സംഘത്തിലെ രണ്ടുപേരെയാണ് എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കണ്ണൂർ താളിക്കാവ് വച്ചാണ് 207.84 ഗ്രാം മെത്തഫിറ്റമിൻ കൈവശം വെച്ചതിന് പയ്യന്നൂർ വെള്ളോറ കരിപ്പാൽ കാവിന് സമീപത്തെ പാണ്ടികശാലയിൽ വീട്ടിൽ സി.കെ.മുസ്തഫയുടെ മകൻ മുഹമ്മദ് മഷൂദ് (28)തളിപ്പറമ്പ് കുറ്റിക്കോൽ എൽ പി സ്‌കൂളിന് സമീപത്തെ ചൊക്കന്റെകത്ത് ഹൗസിൽ അഷ്‌റഫിന്റെ മകൻ മുഹമ്മദ് ആസാദ്(27) എന്നിവരെ അറസ്റ്റ് ചെയ്ത് കേസെടുത്തത്. ഇവർക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്ന സംഘത്തെക്കുറിച്ചും വിശദമായി അന്വേഷണം നടക്കുന്നുണ്ട്.

സംഘത്തിലെ മറ്റു പേരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഇവർക്കായി അന്വേഷണമാരംഭിച്ചിട്ടുണ്ടെന്നും എക്‌സൈസ് ഇൻസ്‌പെക്ടർ ടി.ഷിജു മോൻ അറിയിച്ചു. റെയ്ഡിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.സി.ഷിബു, ആർ.പി.അബ്ദുൾ നാസർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി.കെ.ഷാൻ, പി.വി.ഗണേശ് ബാബു, ഡ്രൈവർ സോൾ ദേവ് എന്നിവരും പങ്കെടുത്തു.

കഴിഞ്ഞ ദിവസങ്ങളിൽ എക്സൈസും പൊലിസും നടത്തിയ സംയുക്ത റെയ്ഡിൽ നിരവധിയാളുകളെയാണ് കണ്ണൂർ നഗരത്തിലും പരിസരപ്രദേശങ്ങളിൽ നിന്നുമായി പിടികൂടിയത്. നഗരത്തിലെ കണ്ണോത്തുംചാലിൽ നിന്നും വടകര സ്വദേശികളായ രണ്ടു പേരെ എക്സൈസ് പിടികൂടിയിരുന്നു. വരും ദിവസങ്ങളിലും മയക്കുമരുന്ന് വിൽപനയ്ക്കെതിരെ റെയ്ഡ് ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. അജിത്ത് കുമാറിന്റെ നിയന്ത്രത്തിലുള്ള പ്രത്യേക പൊലിസ് ടീമായ ഡാൻസെഫും ലോക്കൽ പൊലിസും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്.