കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരമെന്ന സംശയത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള നാലുകുട്ടികളുടെയും സ്രവ പരിശോധനാഫലം നെഗറ്റീവ്. അതേസമയം, മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ നില മാറ്റമില്ലാതെ തന്നെ ഗുരുതരമായി തുടരുകയാണ്. കുട്ടിയുടെ നട്ടെല്ലിൽ നിന്നു കുത്തിയെടുത്ത സ്രവം മെഡിക്കൽ കോളജിലെ മൈക്രോബയോളജി ലാബിൽ പരിശോധിച്ചിരുന്നു.

രോഗസ്ഥിരീകരണത്തിനുള്ള പിസിആർ ടെസ്റ്റിനായി പുതുച്ചേരി ജിപ്മർ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതിന്റെ ഫലം ഒരാഴ്ചയ്ക്കു ശേഷമേ ലഭിക്കൂ. മലപ്പുറം മൂന്നിയൂരിലെ പുഴയിൽ കുടുംബത്തോടൊപ്പം കുളിക്കാനിറങ്ങിയപ്പോൾ വെള്ളത്തിൽ നിന്ന് അമീബ ശരീരത്തിനുള്ളിൽ കടന്നതാണു രോഗം വരാൻ കാരണമെന്നാണു ഡോക്ടർമാരുടെ നിഗമനം.