പത്തനംതിട്ട: ആറന്മുളയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയ്ക്കും മൂത്ത സഹോദരനും അനുജത്തിക്കും ഒപ്പം കഴിഞ്ഞുവന്ന 17 കാരിയെ ആണ് രണ്ടാനച്ഛൻ പീഡിപ്പിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി കുട്ടിയെ ഇയാൾ പല തരത്തിൽ ഉപദ്രവിച്ചു വരികയായിരുന്നുവെന്നാണ് മൊഴി. ചൈൽഡ് ലൈനിൽ നിന്നുള്ള പരാതിയെ തുടർന്ന് പത്തനംതിട്ട ആറന്മുള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

12 വർഷം മുൻപ് പിതാവ് ഉപേക്ഷിച്ചു പോയതിനെ തുടർന്ന്, കുട്ടികളുടെ മാതാവിനൊപ്പം താമസിച്ചുവരികയായിരുന്നു 48കാരൻ. ഇയാൾ പെൺകുട്ടിക്ക് ആദ്യം മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങൾ കാണിച്ചു. ശേഷം പെൺകുട്ടിയുടെ മൊബൈലിലേയ്ക്ക് ഇത്തരത്തിലുള്ള വീഡിയോകൾ വാട്ട്‌സ്ആപ്പ് മുഖേന അയച്ചു. തുടർന്ന്, കഴിഞ്ഞ മാസം അഞ്ചിന് ഉച്ചയ്ക്ക് ഉറക്കത്തിലായിരുന്ന 17 കാരിയെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വിവരം കുട്ടി അമ്മയോടും മൂത്ത സഹോദരനോടും പങ്കുവച്ചു. സംഭവം അറിഞ്ഞ മാതവും മൂത്ത മകനും ചേർന്ന് ഇയാളെ വീട്ടിൽ നിന്നും ഇറക്കിവിട്ടു. വിവരമറിഞ്ഞ ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയിൽ നിന്നും വിവരങ്ങൾ തേടിയ ശേഷം പൊലീസിൽ അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയെടുത്ത പാെലീസ് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ റാന്നി സ്വദേശിയായ 48 കാരനെ റിമാൻഡു ചെയ്തു. കഞ്ചാവ് ഉപയോഗത്തിന് ഇയാൾക്കെതിരെ മുൻപ് എക്‌സൈസും കേസ് രജിസ്റ്റർ ചെയ്തിരുന്നുവെന്ന് പൊലീസ് അറിയിച്ചു.