കണ്ണൂർ: 'ട്രഷർ ഹണ്ട്' മാതൃകയിൽ ഗൂഗിൾ ലൊക്കേഷൻ അയച്ചു നൽകി എം.ഡി.എം.എ. വില്പന നടത്തിയ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളോറ കരിപ്പാൽ കാവിന് സമീപം താമസിക്കുന്ന പാണ്ടികശാലയിൽ വീട്ടിൽ മുഹമ്മദ് മഷൂദ് (28), തളിപ്പറമ്പ് കുറ്റിക്കോൽ എൽ.പി. സ്‌കൂളിന് സമീപം ചെക്കന്റകത്ത് ഹൗസിൽ മുഹമ്മദ് ആസാദ് (27) എന്നിവരെയാണ് എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവരിനിന്ന് 207.84 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു.

പത്ത് ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടിച്ചത്. 10 ഗ്രാമിലധികം എം.ഡി.എം.എ. കൈവശം വച്ചാൽ 20 വർഷംവരെ തടവുശിക്ഷ ലഭിക്കാം. കണ്ണൂർ, തളിപ്പറമ്പ് ഭാഗങ്ങളിലാണ് യുവാക്കൾ വില്പന കേന്ദ്രീകരിച്ചിരുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരിവസ്തു ഒളിപ്പിച്ചുവെച്ച് സ്ഥലത്തിന്റെ അടയാളം മൊബൈൽഫോൺ വഴി ആവശ്യക്കാർക്ക് അയച്ചുകൊടുത്താണ് വില്പന നടത്തിയിരുന്നത്. നിധിവേട്ട അഥവാ ട്രഷർ ഹണ്ട് എന്ന രീതിയിലാണ് ഇത് ചെയ്തിരുന്നത്. ഗൂഗിൾ ലൊക്കേഷനാണ് യുവാക്കൾ വില്പനയ്ക്കായി ആശ്രയിച്ചിരുന്നത്. സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്ന ലഹരിമരുന്നിന്റെ ഫോട്ടോ കൈമാറിയശേഷമാണ് പണമിടപാടുകൾ നടത്തിയിരുന്നത്.

പിടിയിലായ യുവാക്കളുടെ ഫോൺ, ബാങ്ക് വിവരങ്ങൾ എന്നിവ ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്. കൂടുതൽ പേർ സംഘത്തിലുണ്ടെന്നാണ് സൂചന. ഇവർക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തെക്കുറിച്ചും വിശദമായി അന്വേഷിക്കും. പരിശോധനയ്ക്ക് എക്‌സൈസ് ഇൻസ്‌പെക്ടർ ടി. ഷിജുമോൻ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.സി. ഷിബു, ആർ.പി. അബ്ദുൾ നാസർ, സിഇഒ.മാരായ ടി.കെ. ഷാൻ, പി.വി. ഗണേശ് ബാബു, സോൾ ദേവ് എന്നിവർ നേതൃത്വം നൽകി. കോടതി പ്രതികളെ റിമാൻഡ് ചെയ്തു. കണ്ണൂർ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ പി.എൽ. ഷിബു തുടരന്വേഷണം നടത്തും.