- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ച
കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ തിങ്കളാഴ്ച വിധിപറയും. സംസ്ഥാന സർക്കാർ നൽകിയ അപേക്ഷയിലാണു തിങ്കളാഴ്ച ഹൈക്കോടതി വിധി പറയുന്നത്. കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നൽകിയ അപ്പീലിലും കോടതി വിധിപറയും. 20ന് ഉച്ചയ്ക്ക് 1.45നായിരിക്കും കേസിൽ കോടതി നടപടികൾ ആരംഭിക്കുക.
അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്. കൊച്ചിയിലെ വിചാരണ കോടതിയാണ് നേരത്തെ അമിറുൾ ഇസ്ലാമിനെ വധശിക്ഷയ്ക്ക് വിധിച്ചത്.
2016 ഏപ്രിൽ 28നായിരുന്നു പെരുമ്പാവൂരിൽ ഇരിങ്ങോൾ എന്ന സ്ഥലത്ത് കനാൽ പുറമ്പോക്കിൽ താമസിക്കുന്ന ജിഷ എന്ന യുവതി ക്രൂരമായി കൊല്ലപ്പെട്ടത്. നിയമവിദ്യാർത്ഥിയായിരുന്നു ജിഷ. ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിൽ 2016 ജൂൺ 16നാണ് അസം സ്വദേശിയായ അമീറുൾ ഇസ്ലാം പിടിയിലാകുന്നത്.
പെരുമ്പാവൂരിനടുത്ത് ഇരിങ്ങോൾ ഇരവിച്ചിറ കനാൽപുറമ്പാക്കിലെ വീട്ടിൽ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ ജിഷയുടെ മൃതശരീരം കണ്ടെത്തിയത്. യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്ത് 38 മുറിവുകളുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജൂൺ 16ന് അസം സ്വദേശിയായ അമീറുൽ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
തുടർന്ന് മാസങ്ങൾ നീണ്ട വിചാരണയ്‌ക്കൊടുവിലാണ് അമീറുൾ ഇസ്ലാമിനെ കൊച്ചിയിലെ വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിക്കുന്നത്. ഈ വിധിക്കെതിരെയാണ് അമീറുൽ ഇസ്ലാം ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. താൻ പ്രതിയല്ല, തനിക്കെതിരായ തെളിവുകൾ പൊലീസ് കെട്ടിച്ചമച്ചതാണ്, തന്നെ പിടികൂടിയ ശേഷം പൊലീസ് ശാസ്ത്രീയ തെളിവുകളുണ്ടാക്കുകയായിരുന്നു, മറ്റാരോ ആണ് കൊലപാതകതം നടത്തിയിരിക്കുന്നത്, ജിഷയെ മുൻപരിചയമില്ല എന്നീ വാദങ്ങളാണ് അപ്പീലിൽ അമീറുൽ ഇസ്ലാം മുന്നോട്ടുവച്ചിട്ടുള്ളത്.
ഈ അപ്പീലായിരിക്കും തിങ്കളാഴ്ച കോടതി ആദ്യം പരിഗണിക്കുക. നിലവിലെ നിയമം അനുസരിച്ച് വിചാരണ കോടതി വധശിക്ഷ വിധിച്ചാൽ അതിന് ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്. ഇത് അനുസരിച്ച് സംസ്ഥാന സർക്കാർ സമർപ്പിച്ചിട്ടുള്ള അപേക്ഷ പ്രതിയുടെ അപ്പീലിന് ശേഷം പരിഗണിക്കും.