പത്തനംതിട്ട: അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ പത്തനംതിട്ടയിൽ രാത്രികാല യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. മെയ്‌ 19 മുതൽ 23വരെയാണ് നിരോധനം. ഗവിയുൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും നിരോധനമുണ്ട്. രാത്രി ഏഴുമണിക്ക് ശേഷമുള്ള യാത്രകൾക്കാണ് നിരോധനം. ക്വാറികളുടെ പ്രവർത്തനത്തിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. റാന്നി, കോന്നി മേഖലയിൽ നിന്ന് ആവശ്യമെങ്കിൽ ആളുകളെ ഒഴിപ്പിക്കുമെന്നും എല്ലാ താലൂക്കുകളിലും ക്യാംപുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടർ അറിയിച്ചു. ഇന്നും നാളെയും പത്തനംതിട്ടയിൽ റെഡ് അലർട്ടാണ്.

എല്ലാ താലൂക്കുകളിലും ക്യാമ്പുകൾ സജ്ജമാക്കി എന്ന് കളക്ടർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. റാന്നി, കോന്നി മേഖലയിൽ ദുരന്തസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആവശ്യമെങ്കിൽ ആളുകളെ ഒഴിപ്പിക്കുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജില്ല വിട്ടു പോകരുതെന്ന് കർശന നിർദ്ദേശം നൽകിയെന്നും ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ അറിയിച്ചു