- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളത്തിൽ കൂടുതൽ മഴ പെയ്തത് ളാഹയിൽ
കോട്ടയം: വേനൽചൂടിന്റെ കാഠിന്യത്തിൽ ഉരുകിയ കേരളത്തിനെ തണുപ്പിച്ച് വിവിധ ഇടങ്ങളിൽ അതിതീവ്രമഴ. സംസ്ഥാനത്ത് മിക്കയിടങ്ങളിലും ഇന്ന് മഴ പെയ്തു. ചൊവാഴ്ച വരെയാണ് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിലായി കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ മെയ് 19 , 20 തിയതികളിലായി റെഡ് അലർട്ടും പ്രഖാപിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ടായിരിക്കും. ഇന്നുവരെ പെയ്ത മഴയിൽ ഏറ്റവും കൂടുതൽ അടയാളപ്പെടുത്തിയത് പത്തനംതിട്ട ജില്ലയിലെ ളാഹയിലാണ്. ആകെ 130 മില്ലീമീറ്റർ മഴ ലഭിച്ച ഇവിടെ ഇന്നു മാത്രം രണ്ടര മണിക്കൂറിൽ 121 മില്ലീമീറ്റർ മഴ ലഭിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫിസ് പുറത്തുവിട്ട വാർത്താ കുറിപ്പിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്തുനിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതുവരെ ആകെ പെയ്ത മഴയുടെ കണക്കുകളിൽ ഏറ്റവുമധികം മഴ ലഭിച്ച രണ്ടാമത്തെ സ്ഥലം കുന്നമംഗലമാണ്. 116 മില്ലീമീറ്ററാണ് ഇവിടെ പെയ്ത മഴ. പൊന്മുടിയിൽ 97 മില്ലീമീറ്ററും മംഗലം ഡാമിൽ 74 മില്ലീമീറ്ററും മഴ ലഭിച്ചപ്പോൾ തൊടുപുഴയിലും കോന്നിയിലും 71 മില്ലീമീറ്റർ വീതം മഴ ലഭിച്ചു. ഇന്ന് മാത്രം പെയ്ത മഴയുടെ കണക്കുകൾ പ്രകാരം പാലക്കാട്, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ് കൂടുതൽ മഴ പെയ്തത്. പാലക്കാട് മംഗലം ഡാമിൽ 75 മിനിറ്റിൽ 72 മില്ലീമീറ്റർ മഴയും, കോഴിക്കോട് കുന്നമംഗലത്ത് 75 മിനിറ്റിൽ 93 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തിയിട്ടുണ്ട്.
അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കർശന ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. തിരുവനന്തപുരത്ത് ഖനന പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നും, തീരപ്രദേശങ്ങളിലും, മലയോരമേഖലകളിലും വിനോദസഞ്ചാരം നിരോധിക്കുകയും ചെയ്തിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ രാത്രി ഗതാഗതവും നിരോധിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും, അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും അറിയിച്ചിട്ടുള്ളത്.
ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി മെയ് 18നു രാത്രി 11.30 വരെ ഉയർന്ന തിരമാലക്കും, കടലാക്രമണത്തിനും സാധ്യതയുണ്ട്.
സംസ്ഥാനത്ത് അടുത്ത ദിവസങ്ങൡും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം 5 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റു ജില്ലകളിലെല്ലാം യെല്ലോ അലർട്ടാണ്. കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
മഴ സാധ്യത പ്രവചനം
റെഡ് അലർട്ട്
19-05-2024 :പത്തനംതിട്ട, കോട്ടയം, ഇടുക്കി
20-05-2024 :പത്തനംതിട്ട, കോട്ടയം, ഇടുക്കി
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
ഓറഞ്ച് അലർട്ട്
18-05-2024: തിരുവനതപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്
19-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം
20-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം
21-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്
22-05-2024: പത്തനംതിട്ട, കോട്ടയം, ഇടുക്കി