മൂന്നാർ: സിനിമാ ഷൂട്ടിങ്ങിനായി ദൂരെ സ്ഥലങ്ങളിൽ നിന്നും വന്നവർക്ക് ശമ്പളവും ഭക്ഷണവും നൽകാതെ നിർമ്മാതാവ് മുങ്ങിയതായി പരാതി. സഹികെട്ട് പൊലീസ് സ്‌റ്റേഷനിൽ പരാതിയുമായി എത്തിയവർ രണ്ടു ദിവസമായി ഭക്ഷണം കഴിക്കാതെ അവശനിലയിൽ ആണെന്ന് മനസ്സിലാക്കിയ ഡിവൈഎസ്‌പി ഇവർക്ക് സ്വന്തം ചെലവിൽ ഭക്ഷണം വാങ്ങി നൽകി. വർക്കല, കൊല്ലം, കൊട്ടാരക്കര, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടക്കം 27 പേരാണ് മൂന്നാർ ഡിവൈഎസ്‌പി അലക്‌സ് ബേബിക്ക് ഇന്നലെ പരാതി നൽകാനെത്തിയത്. ഭക്ഷണം കഴിക്കാതെ ഇവർ ആകെ അവശ നിലയിലായിരുന്നു.

കൊച്ചി സ്വദേശിയായ സംവിധായകൻ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കാനായി ഇക്കഴിഞ്ഞ പത്തിനാണ് വിവിധ ജില്ലകളിൽ നിന്നുള്ള 120 പേർ മൂന്നാറിലെത്തിയത്. മൂന്നാറിലെ വിവിധ ലോഡ്ജുകളിലായിരുന്നു ഇവർക്ക് താമസവും ഭക്ഷണവും ഒരുക്കിയിരുന്നത്. നാലു ദിവസത്തെ പരിശീലനത്തിനു ശേഷം 15 ന് മീശപ്പുലിമലയിൽ ഒരു ദിവസം മുഴുവൻ ഷൂട്ടിങ് നടന്നു. ഇതുവരെ കാര്യങ്ങൾ ഭംഗിയായി നടന്നു. ഇതിനു ശേഷം അടുത്ത ഷെഡ്യൂളിനായി ഇവർ കാത്തിരിക്കുന്നതിനിടയിലാണ് നിർമ്മാതാവ് അടക്കമുള്ളവർ മുങ്ങിയത്. ഇതോടെ ഭൂരിഭാഗം പേരും നാട്ടിലേക്ക് മടങ്ങി. ബാക്കിയുള്ളവർ കൈയിൽ പണമില്ലാതെ കുടുങ്ങി.

നിർമ്മാതാവ് അടക്കമുള്ളവർ മടങ്ങിവരുമെന്നു കരുതി ദേവികുളം റോഡിലെ ലോഡ്ജിൽ താമസിച്ചവരാണ് രണ്ടു ദിവസമായി ഭക്ഷണം പോലും ലഭിക്കാതായതോടെ പരാതിയുമായി ഡിവൈഎസ്‌പിയുടെ അടുത്തെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഓഫിസിലെത്തിയ എല്ലാവർക്കും ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പുറത്തുനിന്നു ഭക്ഷണമെത്തിച്ചു നൽകി. തുടർന്ന് ഡിവൈഎസ്‌പി നിർമ്മാതാവുമായി ഫോണിൽ സംസാരിച്ചു. നിർമ്മാതാവ് അടക്കമുള്ളവർ ഇന്നു മൂന്നാറിലെത്തി പ്രശ്‌നം പരിഹരിക്കാമെന്ന് ഡിവൈഎസ്‌പിക്ക് ഉറപ്പു നൽകിയിട്ടുണ്ട്.