സുൽത്താൻബത്തേരി: പൊലീസിനെ കണ്ട് പരിഭ്രമിച്ചോടിയ യുവാവിനെ പൊലീസ് പിന്നാലെ ചെന്ന് പിടികൂടി. പരിശോധനയിൽ യുവാവിന്റെ കൈയിൽനിന്ന് മാരക മയക്കുമരുന്നുകൾ പിടികൂടി. കൃഷ്ണഗിരി, കുമ്പളേരി, കട്ടിപറമ്പിൽ വീട്ടിൽ ഇമ്മാനുവൽ സിംസൺ രഞ്ജിത്ത് (22) ആണ് പിടിയിലായത്. ഇയാളിൽനിന്ന് 6.82 ഗ്രാം എം.ഡി.എം.എ.യും 5.04 ഗ്രാം കറുപ്പും പിടിച്ചെടുത്തു. ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ മുത്തങ്ങ ചെക്‌പോസ്റ്റിനു സമീപം വാഹനപരിശോധന നടത്തുന്നതിനിടെയാണ് രഞ്ജിത്ത് കുടുങ്ങിയത്.

ബത്തേരി ഭാഗത്തേക്ക് ഫോറസ്റ്റ് റോഡിലൂടെ നടന്നുവരുകയായിരുന്ന ഇയാൾ പൊലീസിനെ കണ്ട് പരിഭ്രമിച്ച് തിരിഞ്ഞുനടന്നു. ഇതിൽ സംശയംതോന്നിയ പൊലീസ് പിറകെപ്പോയി പിടികൂടി പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ജില്ലാ പൊലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. എസ്‌ഐ. കെ.വി. ശശികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസറായ അനസ്, സി.പി.ഒ.മാരായ ബി.എസ്. വരുൺ, ഫൗസിയ, സുരേന്ദ്രൻ, ഷെമിൽ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.