പെരിന്തൽമണ്ണ: വീട്ടിലുണ്ടായ കവർച്ചശ്രമത്തിനിടെ മോഷ്ടാവ് വയോധികയുടെ തലയിൽ വെട്ടിപ്പരിക്കേൽപ്പിച്ചു. കുന്നക്കാവിൽ ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുന്നക്കാവ് വടക്കേക്കരയിലെ പരേതനായ കുഞ്ഞുണ്ണിയുടെ ഭാര്യ പോത്തൻകുഴി കല്യാണി(76)യെ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഓടിട്ട വീടിന്റെ പിൻവാതിലിലൂടെ മോഷ്ടാവ് അകത്തുകടക്കുക ആയിരുന്നു. കല്യാണിയും പേരമകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദംകേട്ടുണർന്ന കല്യാണി ഒച്ചവെച്ചപ്പോൾ മോഷ്ടാവ് കൈയിലുണ്ടായിരുന്ന ആയുധംകൊണ്ട് വെട്ടുകയായിരുന്നുവെന്നാണു പറയുന്നത്. ഇവരുടെ ബഹളംകേട്ട് അയൽപക്കത്തുള്ളവർ എത്തുന്നതിനിടയിൽ മോഷ്ടാവ് ഓടി പുറത്തിറങ്ങി. നാട്ടുകാരിൽ ചിലർ പിന്നാലെ ഓടിയെങ്കിലും പിടിക്കാനായില്ല.

പ്രദേശത്ത് രാത്രി വൈദ്യുതിയുണ്ടായിരുന്നില്ല. മുറിവേറ്റ കല്യാണിയെ നാട്ടുകാർ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.

സംഭവമറിഞ്ഞയുടൻ പെരിന്തൽമണ്ണ പൊലീസ്സ്റ്റേഷൻ ഹൗസ് ഓഫീസർ എ.എസ്‌പി. പി.ബി. കിരണും സംഘവും സ്ഥലത്തെത്തി മോഷ്ടാവിനെ കണ്ടെത്താൻ ശ്രമം നടത്തി. രാവിലെ ഡോഗ് സ്‌ക്വാഡും ഫൊറൻസിക്, വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി. വീടിനു കുറച്ചകലെനിന്ന് ഒരു കത്തിയും കൈക്കോടാലിയും കണ്ടെടുത്തു.