തിരുവനന്തപുരം: ഇന്നലെ മുതൽ പെയ്യുന്ന ശക്തമായ മഴയിൽ തിരുവനന്തപുരം നഗരത്തിലെ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്. ശക്തമായ മഴയിൽ നഗരത്തിലെ പ്രധാന ഇടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. തമ്പാനൂർ ജംക്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം ദുരിതത്തിലായി. രാവിലെയും മഴ തുടർന്നതോടെ മുക്കോലയ്ക്കലിൽ വീടുകളിലും കടകളിലും വെള്ളം കയറി. അട്ടക്കുളങ്ങര കിളിപ്പാലം റോഡിലും ചാലയിലും വലിയരീതിയിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്.

സ്മാർട്ട് സിറ്റി റോഡ് പണി പൂർത്തിയാകാത്തതാണ് പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം. വെള്ളത്തിനടിയിൽ കോൺക്രീറ്റ് കമ്പികളടക്കം കിടപ്പുണ്ട്.
മുക്കോലയ്ക്കലിൽ വീടുകളിലും കടകളിലും വെള്ളം കയറി. അട്ടക്കുളങ്ങര കിളിപ്പാലം റോഡിലും ചാലയിലും വലിയരീതിയിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. തോടുകളടക്കം കരകവിഞ്ഞ് ഒഴുകുകയാണ്. മഴക്കാലത്തിനു മുൻപുള്ള ശുചീകരണം പാളിയതും തിരിച്ചടിയായി. രാത്രി ഒന്നരയ്ക്ക് ശേഷം മഴ പെയ്തിട്ടില്ലെങ്കിലും വെള്ളക്കെട്ട് പലയിടത്തും ഇപ്പോഴും തുടരുകയാണ്.

നഗരപരിധിയിലെ ശംഖുമുഖം, വലിയതുറ ഭാഗങ്ങളിലെ വീടുകളിൽ വെള്ളം കയറി. ശംഖുമുഖത്ത് മരം വീണ് ഗതാഗതം തടസപ്പെട്ടു. വിവരം അറിഞ്ഞെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മരം മുറിച്ച് മാറ്റി. വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളിൽ നഗരസഭ അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ശക്തമായ മഴ കാരണം തിരുവനന്തപുരത്ത് മലയോര മേഖലയിലേക്ക് യാത്രാ നിരോധനം ഏർപ്പെടുത്തി. ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു. കഴക്കൂട്ടം, ഗൗരീശപട്ടം അടക്കമുള്ള താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളും ദുരിതത്തിലാണ്.