ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് നടുറോഡിൽ ഭാര്യയെ കുത്തിക്കൊന്ന ഭർത്താവ് പിടിയിൽ. കഞ്ഞിക്കുഴിയിലെ ബാറിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളിയിൽ അമ്പിളിയെയാണ് ഭർത്താവായ രാജേഷ് ഇന്നലെ കൊലപ്പെടുത്തിയത്.

ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാംവാർഡ് വലിയവെളി അമ്പിളി(43)ആയിരുന്നു ശനിയാഴ്ച വൈകുന്നേരം ആറരയോടെ കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം കടന്നു കളഞ്ഞ രാജേഷിനെ അർധരാത്രിയോടെ പൊലീസ് പിടികൂടുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം ആറരയോടെ പള്ളിച്ചന്തയ്ക്കു തെക്കുവശത്തുവച്ചായിരുന്നു കൊലപാതകം. കുത്തേറ്റതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ ഉടൻ ചേർത്തലയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും പതിവായി വഴക്കിടാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തിരുനല്ലൂർ സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റാണ് അമ്പിളി. പള്ളിച്ചന്ത ഭാഗത്ത് കടകളിൽനിന്നു സ്‌കൂട്ടറിൽ കളക്ഷൻ തുക വാങ്ങാനായി എത്തിയതായിരുന്നു അമ്പിളി. ആ സമയത്ത് ഭർത്താവ് രാജേഷ് ബൈക്കിൽ അവിടെയെത്തി അമ്പിളിയെ കുത്തുകയായിരുന്നു. രാജേഷ് ജലഗതാഗതവകുപ്പ് ജീവനക്കാരനാണ്. മക്കൾ: രാജലക്ഷ്മി (തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്‌കൂൾ പ്ലസ്ടു വിദ്യാർത്ഥിനി), രാഹുൽ (ചേർത്തല ഹോളി ഫാമിലി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥി).