തിരുവനന്തപുരം: മഞ്ഞപ്പിത്ത രോഗബാധ സ്ഥിരീകരിച്ചവർ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു. പനി, ക്ഷീണം, ഛർദി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളാണ് പ്രധാനമായും കാണുക. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണം. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ വളരെ ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു.

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരൾ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാൽ വളരെ ശ്രദ്ധ പുലർത്തണം. മഞ്ഞപ്പിത്തം ബാധിച്ചവരിൽ ശ്രദ്ധിച്ചില്ലെങ്കിൽ അപൂർവമായി രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യുമെന്നതിനാൽ രണ്ടാഴ്ച വളരെ നിർണായകമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഒരു സ്ഥലത്ത് മഞ്ഞപ്പിത്ത വ്യാപനമുണ്ടായാൽ വീണ്ടും ആ സ്ഥലത്ത് അവരിൽ നിന്നും പൊതു സമൂഹത്തിലേക്ക് രോഗം പകരാതിരിക്കാൻ വളരെ ശ്രദ്ധിക്കണം. മലിനമായ ജലസ്രോതസുകളിലൂടെയൂം മലിനമായ ജലം ഉപയോഗിച്ച് നിർമ്മിക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം ബാധിച്ചവരുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് എ പകരുന്നത്. കുടിവെള്ള സ്രോതസുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും സുരക്ഷിതമെന്നും മന്ത്രി പറഞ്ഞു.