കാഞ്ഞിരപ്പള്ളി: രാത്രി മുറിക്കുള്ളിൽ കയറി രണ്ടു വയസ്സുകാരി തനിയെ വാതിലടച്ചു കുറ്റിയിട്ടു. എത്ര ശ്രമിച്ചിട്ടും മുറി തുറക്കാൻ കഴിയാതെ വന്നതോടെ പുറത്തു നിന്ന വീട്ടുകാർ പരിഭ്രാന്തിയിലായി. ഒച്ചത്തിൽ വിളിച്ചിട്ടും വാതിലിൽ മുട്ടിയിട്ടും കുട്ടി അനങ്ങിയതുമില്ല. ജനാലകൾ എല്ലാം അടച്ച മുറിക്കുള്ളിൽ ഇരുന്ന കുട്ടിയെ കാണാനോ ഒച്ച കേൾക്കാനൊ കഴിയാതെ വന്നതോടെ വീട്ടുകാർ അഗ്‌നിരക്ഷാസേനയൈ വിവരം അറിയിച്ചു. അഗ്നിരക്ഷാ അംഗങ്ങളെത്തി പൂട്ടു പൊളിച്ചു അകത്തു കയറിയപ്പോൾ കണ്ടതാവട്ടെ കുഞ്ഞ് സുഖമായി ഉറങ്ങുന്ന കാഴ്ച.

സുഖോദയ റോഡിലുള്ള വീട്ടിലാണ് ശനിയാഴ്ച രാത്രി പത്തോടെ കുടുംബാംഗങ്ങളെ പരിഭ്രാന്തിയിലാഴ്‌ത്തിയ സംഭവം നടന്നത്. വീട്ടുകാർക്കൊപ്പം ഇരുന്നു കളിക്കുക ആയിരുന്ന കുട്ടി മുറിക്കുള്ളിലേക്കു തനിയെപോയി. അൽപനേരം കഴിഞ്ഞ് കുഞ്ഞിനെ തേടിയെത്തിയ വീട്ടുകാർ കതക് അകത്തുനിന്നു പൂട്ടിയ നിലയിൽ കണ്ടെത്തി. കുട്ടിയെ വിളിച്ചിട്ടും വാതിലിൽ ശക്തിയായി മുട്ടിയിട്ടും മിണ്ടാതായതോടെ ഇവർ പരിഭ്രാന്തരായി. പുറത്തിറങ്ങി ജനാലകൾ വഴി നോക്കാൻ ശ്രമിച്ചെങ്കിലും പൂട്ടിയ ജനലുകളിൽ കർട്ടർ ഇട്ടിരുന്നതിനാൽ അകത്തെ കാഴ്ചകൾ കാണാൻ കഴിഞ്ഞില്ല. കുട്ടിയുടെ പിതാവ് അറിയിച്ചതിനെത്തുടർന്ന് അഗ്‌നിരക്ഷാസേനയെത്തി പൂട്ട് പൊളിച്ച് കതകു തുറന്നു.

ഏറെ നേരത്തെ പരിഭ്രമത്തിന് ഒടുവിൽ അകത്തുകയറിയ അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥരും വീട്ടുകാരും കണ്ട കാഴ്ച കുട്ടി കട്ടിലിൽ കിടന്ന് സുഖമായി ഉറങ്ങുന്നതാണ്. വീട്ടുകാർ ഉറക്കെ വിളിച്ച് വീടിനു ചുറ്റും നടന്നപ്പോഴും വലിയ ശബ്ദത്തിൽ കതകിന്റെ പൂട്ട് തകർത്തു കൊണ്ടിരുന്ന സമയത്തും ഇതൊന്നും അറിയാതെ സുഖമായി ഉറങ്ങിയ കുട്ടിയെ അമ്മ ഓടിയെത്തി കട്ടിലിൽ നിന്നെടുത്തപ്പോൾ ആശങ്കയുടെ നിമിഷങ്ങൾക്കൊടുവിൽ സന്തോഷത്തിന്റെ ചിരി പടർന്നു. സീനിയർ ഫയർ ഫോഴ്‌സ് ഓഫിസർ പി.എ.നൗഫലിന്റെ നേതൃത്വത്തിൽ ആനന്ദ് വിജയ്, എം.കെ.സജുമോൻ, എസ്.എസ്.അരവിന്ദ്, ശരത് ചന്ദ്രൻ എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.

കഴിഞ്ഞ ദിവസം പാറത്തോട്ടിലും സമാനമായ സംഭവം ഉണ്ടായതായി അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്നു വയസ്സുള്ള കുട്ടി മുറിക്കുള്ളിൽ കയറി വാതിലടച്ച സംഭവത്തിലും അഗ്‌നിരക്ഷാസേന എത്തി പൂട്ട് പൊളിച്ച് അകത്തുകയറുകയായിരുന്നു. പക്ഷേ, കുട്ടിയെ ജനാലയിലൂടെ കാണാൻ കഴിഞ്ഞിരുന്നു.