- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ തീരദേശ തമിഴ്‌നാടിനു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽപ്പോകരുതെന്നാണ് നിർദ്ദേശം.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ അടുത്ത മണിക്കൂറുകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗമുള്ള കാറ്റിനും സാധ്യതയുണ്ട്. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും, താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ആളുകൾ സുരക്ഷിതമേഖലകളിൽ തുടരണമെന്നും അധികൃതർ അറിയിച്ചു.
ശക്തമായ മഴയിൽ കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. പത്തനംതിട്ടയിൽ അതിഥിത്തൊഴിലാളിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. മല്ലപ്പള്ളി മണിമലയാറ്റിൽ വെണ്ണിക്കുളം കോമളം കടവിൽ ബിഹാർ സ്വദേശികളായ മൂന്ന് പേരാണ് ഒഴുക്കിൽപ്പെട്ടത്. ഇവരിൽ രണ്ട് പേർ രക്ഷപ്പെട്ടു. കാണാതായയാൾക്കു വേണ്ടി തിരച്ചിൽ തുടരുന്നു.
തൃശൂരിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിരപ്പിള്ളിയും വാഴച്ചാലും ഉൾപ്പെടെയുള്ള വെള്ളച്ചാട്ടങ്ങളിലേക്കും ജലാശയങ്ങൾ, മലയോര പ്രദേശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം 21, 22 തീയതികളിൽ നിരോധിച്ചു. ജില്ലയിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.
ജില്ലയിൽ ഈ ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വിലങ്ങൻകുന്ന്, കലശമല, പൂമല ഡാം, ഏനമാവ് നെഹ്‌റു പാർക്ക്, ചെപ്പാറ, വാഴാനി ഡാം, പീച്ചി ഡാം, സ്‌നേഹതീരം ബീച്ച്, ചാവക്കാട് ബീച്ച്, തുമ്പൂർമുഴി റിവർ ഗാർഡൻ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ വിനോദസഞ്ചാരികൾക്ക് പ്രവേശനമില്ല.
അതിരപ്പള്ളിയും വാഴച്ചാലും അടക്കം ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികളെത്തുന്ന കേന്ദ്രങ്ങളാണ് അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്. ഓറഞ്ച് അലർട്ടാണ് ജില്ലയിൽ പ്രഖ്യാപിച്ചിട്ടുള്ളത്. കനത്ത മഴയും കാറ്റുമാണ് ജില്ലയിൽ വിവിധയിടങ്ങളിൽ അനുഭവപ്പെടുന്നത്. നാളെ മുതൽ ഈ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നും തന്നെ പ്രവേശനമുണ്ടായിരിക്കില്ല. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരേക്കാണ് സഞ്ചാരികൾക്ക് നിയന്ത്രണം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
മഴ കനക്കുന്നതിനൊപ്പം തന്നെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മോശം കാലാവസ്ഥയായിരിക്കും വരും ദിവസങ്ങളിൽ എന്നും മുന്നറിയിപ്പുണ്ട്. അങ്ങനെയെങ്കിൽ തീർച്ചയായും ജനങ്ങൾ ജാഗ്രതയോടെ തുടരേണ്ടതാണ്. പ്രത്യേകിച്ച് മലയോര മേഖലകളിൽ താമസിക്കുന്നവരും യാത്ര ചെയ്യുന്നവരും. അന്തർസംസ്ഥാന യാത്രയ്ക്കും നിയന്ത്രണമുണ്ട്. രാവിലെ ആറ് മുതൽ വൈകീട്ട് നാലെ വരെ മാത്രമാണ് അനുവദിക്കുന്നത്.
മരം വീഴുന്നതും, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ പോലുള്ള ദുരന്തങ്ങളും പതിയിരിക്കുന്ന കാലാവസ്ഥയാണിത്. അതിനാൽ തന്നെ ഇത്തരത്തിലുള്ള സാധ്യത കാണുന്നിടങ്ങളിൽ നിന്നെല്ലാം അകലം പാലിക്കുന്നതാണ് ഉചിതം