കോഴിക്കോട്: അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോ. ബിജോൺ ജോൺസണെ മെഡിക്കൽ കോളജ് പൊലീസ് ചോദ്യം ചെയ്തു. ഡോക്ടറെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് ചോദ്യം ചെയ്തത്. സസ്പെൻഷന് ശേഷം നാട്ടിൽ പോയ ഡോക്ടറെ കോഴിക്കോട്ടേക്ക് വിളിച്ച് വരുത്തുകയായിരുന്നു.

നാവിൽ കെട്ട് കണ്ടതിനെ തുടർന്നാണ് അടിയന്തര പ്രാധാന്യത്തോടെ കുഞ്ഞിന്റെ നാവിൽ ശസ്ത്രക്രിയ നടത്തിയതെന്ന വാദം ഡോക്ടർ ആവർത്തിച്ചു. ആറാം വിരൽ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായി കുഞ്ഞിനെ പരിശോധിച്ചപ്പോഴാണ് നാവിലെ തകരാർ കണ്ടെത്തിയതെന്നും ഡോക്ടർ മൊഴി നൽകി. ചോദ്യം ചെയ്യുമ്പോൾ ശസ്ത്രക്രിയ സമയത്ത് ഒപ്പമുണ്ടായിരുന്ന നഴ്സുമാരും ഡോക്ടർമാരും ഉണ്ടായിരുന്നു.

നേരത്തെ കുടുംബത്തിന്റെ പരാതിയിൽ ഡോക്ടർ ബിജോൺ ജോൺസനെതിരെ മെഡിക്കൽ കോളജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. നാലു വയസ്സുകാരിക്ക് അവയവം മാറി ശസ്ത്രക്രിയ നടത്തിയതിൽ ചികിത്സ വീഴ്ചയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. കുട്ടിക്ക് നാക്കിന് പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് ഒരു ചികിത്സാ രേഖയിലും ഇല്ല. ഇത് സംബന്ധിച്ച ചികിത്സയ്ക്കല്ല അവർ മെഡിക്കൽ കോളജിൽ എത്തിയതെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

ചെറുവണ്ണൂർ സ്വദേശിയായ നാലു വയസ്സുകാരിയുടെ കൈവിരൽ ശസ്ത്രക്രിയയ്ക്ക് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയതാണ് വിവാദമായത്. സംഭവത്തിൽ മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ ഡോക്ടർ ബിജോൺ ജോൺസനെ സസ്പെൻഡ് ചെയ്തിരുന്നു.