ആലപ്പുഴ: വീട്ടിൽ വിൽപനക്കായി സൂക്ഷിച്ചിരുന്ന മൂന്ന് കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴയിലാണ് സംഭവം. ആര്യാട് പഞ്ചായത്ത് 18-ാം വാർഡ് അരശൻകടവ് വീട്ടിൽ വാടകക്ക് താമസിക്കുന്ന മനുക്കുട്ടൻ (39) അറസ്റ്റിലായത്. ആലപ്പുഴ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം ആർ മനോജിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്. മനുക്കുട്ടന് വിൽപ്പനയ്ക്കായി കഞ്ചാവ് എത്തിച്ചു കൊടുത്തു കൊണ്ടിരിക്കുന്ന കലവൂർ ലെപ്രസിയിൽ സൂരജ് എന്നയാൾക്ക് വേണ്ടി എക്‌സൈസ് സംഘം അന്വേഷണം ഊർജിതമാക്കി.

ഇവർ കുറച്ചു ദിവസങ്ങളായി എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എസ് അക്‌ബർ, ഇ കെ അനിൽ, ജി ജയകുമാർ, പ്രിവന്റീവ് ഓഫീസർ ബി എം ബിയാസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എച്ച് മുസ്തഫ, അനിൽകുമാർ, ഷഫീഖ് കെ എസ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ എം വി വിജി എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

അതേസമയം, അരൂരിൽ അതിഥി തൊഴിലാളികളിൽ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികൾ പിടികൂടിയെന്ന് എക്സൈസ് അറിയിച്ചു. ഉത്തർപ്രദേശ് സ്വദേശികളായ രാഹുൽ സരോജ്, സന്തോഷ് കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സ്‌കൂൾ വിദ്യാർത്ഥികളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. കഞ്ചാവും, പത്ത് കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങളും ഇവരിൽ നിന്ന് കസ്റ്റഡിയിലെടുത്തതായി എക്സൈസ് അറിയിച്ചു.

ചേർത്തല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടിപി സജീവ് കുമാർ നേതൃത്വം നൽകിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ പി.ടി ഷാജി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അനിലാൽ പി, സിഇഒമാരായ സാജൻ ജോസഫ്, മോബി വർഗീസ്, മഹേഷ്, ഡ്രൈവർ രജിത് കുമാർ എന്നിവരും പങ്കെടുത്തു. ചേർത്തല താലൂക്കിലെ ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ 940 006 9483, 0478 - 2813 126 എന്നീ നമ്പറുകളിൽ അറിയിക്കാമെന്നും വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും എക്സൈസ് അറിയിച്ചു.