- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റേഷൻകടകൾ അരിക്ഷാമത്തിലേക്ക്
ആലപ്പുഴ: കരാറുകാർ വിതരണം കുറച്ചതോടെ സംസ്ഥാനത്തെ റേഷൻകടകൾ അരിക്ഷാമത്തിലേക്ക്. ചില താലൂക്കുകളിലെ റേഷൻകടകളിൽ ഈ മാസത്തെ വിതരണം തുടങ്ങിയിട്ടില്ല. അവിടങ്ങളിൽ മുന്മാസം മിച്ചംവന്ന ധാന്യമാണു നൽകുന്നത്.എഫ്‌സിഐ.യിൽനിന്ന് സപ്ലൈകോ സംഭരണശാലയിലേക്കും അവിടെനിന്ന് കടകളിലേക്കും ധാന്യമെത്തിക്കുന്ന വിതരണക്കരാറുകാരുടെ മെല്ലെപ്പോക്കാണു കാരണം.
കുടിശ്ശികയ്ക്കായി സപ്ലൈകോയെ പലതവണ സമീപിച്ചിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് കരാറുകാർ വിതരണം കുറച്ചത്. സാമ്പത്തിക പ്രതിസന്ധിമൂലം കരാറുകാർക്ക് സപ്ലൈകോ മാസങ്ങളായി പ്രതിഫലം നൽകുന്നില്ല. ഇതാണ് കരാറുകാരുടെ മെല്ലെപ്പോക്കിന് കാരണം. വിവിധ താലൂക്കുകളിലായി ഏകദേശം 70 കോടിയോളംരൂപ കുടിശ്ശികയുണ്ടെന്നാണു കണക്ക്. അതിൽ കുറച്ചെങ്കിലും കിട്ടിയാലേ വിതരണം പൂർണതോതിൽ നടത്താനാകൂവെന്നാണ് അവരുടെ നിലപാട്.
ഡിസംബറിൽ വാതിൽപ്പടി വിതരണക്കരാറുകാർ സമരം നടത്തിയിരുന്നു. അന്ന് കുടിശ്ശികയുടെ ഒരുഭാഗം നൽകി സർക്കാർ പ്രശ്‌നംപരിഹരിച്ചു. എന്നാൽ, പിന്നീടും പ്രതിഫലം മുടങ്ങുന്നതു പതിവായി. നാലുമാസത്തേതുവരെ കിട്ടാത്തവരുണ്ട്. ഒരുതാലൂക്കിൽ 70 മുതൽ 90 വരെ ലക്ഷം രൂപയാണു കുടിശ്ശിക. എല്ലാമാസവും കൃത്യമായി പ്രതിഫലം നൽകണമെന്നാണ് ഇവരുടെ ആവശ്യം.
വിതരണത്തിലെ നിയന്ത്രണം നീക്കാൻ ഭക്ഷ്യവകുപ്പ് ഇടപെട്ടില്ലെങ്കിൽ അടുത്തമാസംമുതൽ റേഷൻകടകളിൽ അരിയുണ്ടാകില്ല.
കുടിശ്ശിക നൽകിയില്ലെങ്കിൽ വിതരണം നിർത്തും
കുടിശ്ശിക നൽകിയില്ലെങ്കിൽ കടകളിലേക്കുള്ള ധാന്യവിതരണം പൂർണമായും നിർത്തും. ലോറിവാടകയും തൊഴിലാളികളുടെ കൂലിയും നൽകി വിതരണം നടത്താനാകാത്ത സാഹചര്യമാണ്. എല്ലാമാസവും കൃത്യമായി പ്രതിഫലം നൽകിയാലേ പ്രശ്‌നത്തിനു ശാശ്വത പരിഹാരമാകൂ.
-തമ്പി മേട്ടുതറ,
പ്രസിഡന്റ്, കേരള ട്രാൻസ്‌പോർട്ടിങ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ