പാലക്കാട്: കൃഷി ചെയ്യാത്ത ഭൂമി വിള ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് 25 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി റിപ്പോർട്ട്. പദ്ധതി നടപ്പാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് രൂപവത്കരിച്ച അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി നടത്തിയ പ്രാഥമികപരിശോധനയിലാണ് കണ്ടെത്തൽ. തുടർപരിശോധനകൾക്കുശേഷം തട്ടിപ്പ് നടത്തിയവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഇൻഷുറൻസ് കമ്പനി അധികൃതർ അറിയച്ചു.

പാലക്കാട്, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിലാണ് കൂടുതൽ തട്ടിപ്പുകളും നടന്നത്. കൃത്യമായ കണക്ക് ശേഖരിച്ചുവരുന്നതേയുള്ളൂ. ആനുകൂല്യം നൽകുന്നത് വിളവിനെ അടിസ്ഥാനപ്പെടുത്തിയല്ലാത്തതിനാൽ കൃഷിസ്ഥലത്ത് പരിശോധനകൾ നടക്കാത്തതാണ് തട്ടിപ്പിന് വഴിയൊരുക്കുന്നത്. വിവിധ ജില്ലകളിലായി 100 ഹെക്ടറോളം സ്ഥലമാണ് കൃഷി ചെയ്യുന്നതായി കാണിച്ച് ആനുകൂല്യം തട്ടിയത്. സംശയം തോന്നാതിരിക്കാൻ പൊതുവായി കൃഷി ചെയ്യുന്ന നെല്ല്, വാഴ തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്നുണ്ടെന്ന് കാണിച്ചാണ് രജിസ്റ്റർ ചെയ്തത്.

വിള ലഭിക്കുന്നത് നോക്കാതെ കാലാവസ്ഥയിലെ മാറ്റം മാത്രം കണക്കാക്കിയാണ് പദ്ധതിയിൽ ആനുകൂല്യം നൽകുന്നത്. ഇതാണ് തട്ടിപ്പുകാർക്ക് വളമായത്. നെല്ലിന് ഹെക്ടറിന് 80,000 രൂപവരെ ആനുകൂല്യമുണ്ട്. വാഴയ്ക്ക് ഹെക്ടറിന് 1.75 ലക്ഷം രൂപയും മാവിന് ഹെക്ടറിന് 1.5 ലക്ഷം രൂപയും പരമാവധി ലഭിക്കും. 2022-ലെ രണ്ടാം സീസണായ റാബിയിൽ മാവിന് 1,50,000 രൂപയും ആനുകൂല്യം ലഭിച്ചു. മുപ്പതോളം വിളകൾക്ക് ഇൻഷുറൻസ് ലഭിക്കും. നെല്ലിന് ഇൻഷുറൻസ് തുകയുടെ രണ്ട് ശതമാനവും മറ്റു വിളകൾക്ക് അഞ്ച് ശതമാനവും മാത്രമാണ് കർഷകർ അടയ്‌ക്കേണ്ട പ്രീമിയം.

സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള 172 കാലാവസ്ഥാനിരീക്ഷണ കേന്ദ്രങ്ങളിൽനിന്ന് ശേഖരിക്കുന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ് കാലാവസ്ഥാമാറ്റം കണക്കാക്കി ആനുകൂല്യം നിശ്ചയിക്കുന്നത്. കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ എണ്ണം കുറവായതിനാൽ ഒരു പ്രദേശത്തിന്റെ കൃത്യമായ കാലാവസ്ഥ കണക്കാക്കാനാകില്ലെന്ന പരിമിതിയുമുണ്ട്.