മൂന്നാർ: കാട്ടാന പടയപ്പയുടെ മുമ്പിൽപ്പെട്ട ബൈക്ക് യാത്രക്കാരന് വീണ് പരിക്കേറ്റു. നല്ലതണ്ണി എസ്റ്റേറ്റ് ഐ.ടി.ഡി. ഡിവിഷനിൽ രാജേഷ് കണ്ണനാ(27)ണ് പരിക്കേറ്റത്. തിങ്കളാഴ്ച പുലർച്ചെ നാലിനാണ് സംഭവം.

മൂന്നാറിൽനിന്ന് ഐ.ടി.ഡി.ഡിവിഷനിലേക്ക് പോകുമ്പോൾ നല്ലതണ്ണിയിൽവച്ചാണ് ഇയാൾ പടയപ്പയുടെ മുമ്പിൽപ്പെട്ടത്. ആനയെ കണ്ട് പേടിച്ച് ബൈക്ക് നിർത്തുന്നതിനിടെ മറിഞ്ഞുവീണാണ് ഇയാൾക്ക് പരിക്കേറ്റത്. പടയപ്പ ഇയാളെ ആക്രമിക്കാനോ ബൈക്ക് തകർക്കാനോ ശ്രമിച്ചില്ല. റോഡിൽ നിലയുറപ്പിച്ച് ആന വാഹനങ്ങൾ തടഞ്ഞു. തുടർച്ചയായ നാലാം ദിവസവും പടയപ്പ നല്ലതണ്ണിയിലെ ജനവാസമേഖലയിൽ തുടരുകയാണ്.

കല്ലാറിലെ മാലിന്യസംസ്‌കരണ കേന്ദ്രത്തിൽ ഇറങ്ങിയ പടയപ്പ പച്ചക്കറി മാലിന്യത്തോടൊപ്പം പ്ലാസ്റ്റിക് തിന്നുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഒരുവർഷം മുമ്പുവരെ തീറ്റ തേടി പടയപ്പ മാലിന്യ പ്ലാന്റിൽ സ്ഥിരമായി എത്തിയിരുന്നു. പിന്നീട് പഞ്ചായത്ത് അധികൃതർ പച്ചക്കറി മാലിന്യം ആനയ്ക്ക് തീറ്റയായി നൽകുന്നത് അവസാനിപ്പിച്ചതോടെയാണ് ആന പ്രദേശത്തുനിന്ന് പിൻവാങ്ങിയത്. ഇപ്പോൾ വീണ്ടും തീറ്റ തേടിയാണ് പടയപ്പ നല്ലതണ്ണി കല്ലാർ പ്രദേശത്ത് എത്തിയിരിക്കുന്നത്.