കോട്ടയം: ഭാര്യയുമായി ഉണ്ടായ വഴക്കിനെ തുടർന്ന് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി.ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടിയ യുവാവിന്റെ കാൽ ഒടിഞ്ഞു. തിങ്കളാഴ്ച വൈകീട്ട് 4.30-നാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസിലാണ് ദമ്പതികൾ വഴക്ക് കൂടിയത്. കോട്ടയം നാട്ടകത്തിന് സമീപമെത്തിയപ്പോൾ വഴക്ക് മുറുകുകയും യുവാവ് ബസിന്റെ ജനലിലൂടെ പുറത്തേക്ക് ചാടുകയുമായിരുന്നു.

സാരമായി പരിക്കേറ്റ വൈക്കം ഇടയാഴം സ്വദേശിയായ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യതന്നെയാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ചങ്ങനാശ്ശേരിമുതൽ ഇയാളും ഭാര്യയും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നതായി ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാർ പറയുന്നു. നാട്ടകം മറിയപ്പള്ളി ഭാഗം എത്തിയപ്പോൾ ബസിനുള്ളിൽനിന്ന് ഇറങ്ങണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. എന്നാൽ, കെ.എസ്.ആർ.ടി.സി.സ്റ്റാൻഡിൽ ഇറക്കാമെന്ന് ബസ് ജീവനക്കാർ അറിയിച്ചു.

എന്നാൽ, അപ്രതീക്ഷിതമായി ഇയാൾ ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടുകയായിരുന്നു. ഡ്രൈവർ ബസ് നിർത്തി. 108 ആംബുലൻസ് വിളിച്ചുവരുത്തി. ഇടത് കാലിന് ഒടിവുണ്ടെന്നും രോഗി തീവ്രപരിചരണവിഭാഗത്തിൽ നിരീക്ഷണത്തിലാണെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ആരോഗ്യനില തൃപ്തികരമാണ്. രണ്ട് സ്‌കാനിങ്കൂടി നടത്തിയശേഷം തുടർ ചികിത്സ നിശ്ചയിക്കും. വാഹനത്തിൽനിന്നുള്ള അപകടമായതിനാൽ പ്രാഥമിക വിവരശേഖരണം നടത്തുമെന്ന് ഗാന്ധിനഗർ പൊലീസ് പറഞ്ഞു. പരാതിയുണ്ടെങ്കിലേ കേസെടുത്ത് അന്വേഷണം നടത്തൂ. നിലവിൽ ആരും പരാതിപ്പെട്ടിട്ടില്ലെന്നും അവർ അറിയിച്ചു.