കോഴിക്കോട്: നഗരമധ്യത്തിൽ ബസ് യാത്രക്കാരിയുടെ സ്വർണമാല മോഷ്ടിച്ച് ഇറങ്ങിയോടിയ സ്ത്രീയെ സഹയാത്രക്കാരി ഓടിച്ചിട്ട് പിടികൂടി. മുൻകായികതാരം കൂടിയായ തലക്കുളത്തൂർ എടക്കര സ്വദേശിനി താഴയൂരിങ്കൽ മിധു ശ്രീജിത്ത് (34) കവർച്ചക്കാരിയെ കീഴ്‌പ്പെടുത്തിയത്. മാല മോഷണം കയ്യോടെ പൊക്കുമെന്നായപ്പോൾ തമിഴ്‌നാട്ടുകാരിയായ സ്ത്രീ ബസിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഇതുകണ്ട മിധു പിന്നാലെ ഓടി. ഒറ്റയ്ക്ക് അരക്കിലോമീറ്ററോളം ഓടിച്ചിട്ടു പിടിച്ച് പൊലീസിനെ ഏൽപിക്കുകയും ചെയ്തു.

മറ്റു യാത്രക്കാർ നോക്കിനിൽക്കെ എരഞ്ഞിപ്പാലം ജംക്ഷനിൽ ഇന്നലെ രാവിലെ ഒൻപതു മണിയോടെയാണു സംഭവം. പിടിയിലായ തമിഴ്‌നാട് മധുര മാരിയമ്മൻ കോവിൽ സ്വദേശിനി മാരിയമ്മയെ (45) കോടതി റിമാൻഡ് ചെയ്തു. എരഞ്ഞിപ്പാലത്തെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ മിധു രാവിലെ ജോലിക്കു പോകാനായി ബസിറങ്ങുമ്പോഴാണ് മോഷം നടന്നതായി അറിയുന്നത്. മറ്റു യാത്രക്കാർ ഇറങ്ങുന്നതിനിടെ, ബസിലുണ്ടായിരുന്ന ചേളന്നൂർ സ്വദേശിനി ജലജ മാല നഷ്ടപ്പെട്ടതായി ബഹളം വച്ചു. അതോടെ, ആരും പോകരുതെന്നു കണ്ടക്ടർ ആവശ്യപ്പെട്ടു.

ബസിറങ്ങി ആൾക്കൂട്ടത്തിൽ നിൽക്കുകയായിരുന്ന മാരിയമ്മ ആ സമയത്തു ബസിനകത്തേക്കു തിരികെക്കയറി മാല താഴെയിട്ടു. ഇതു കണ്ടവർ ഒച്ചവച്ചതോടെ മാരിയമ്മ പിൻവാതിലിലൂടെ ഇറങ്ങി ഓടി. മിധുവും പിന്നാലെ ഓടി. എരഞ്ഞിപ്പാലം ജംക്ഷനിലെത്തിയ മാരിയമ്മ അതുവഴി വന്ന ഓട്ടോയിലും ബസിലും കയറാൻ നോക്കിയെങ്കിലും മോഷ്ടാവാണെന്നു മിധു ഉറക്കെ വിളിച്ചു പറഞ്ഞു.

അതോടെ എരഞ്ഞിപ്പാലം ജംക്ഷനിൽ നിന്നു മാരിയമ്മ കാരപ്പറമ്പ് ഭാഗത്തേക്ക് ഓടി. 400 മീറ്ററോളം പിന്നാലെ ഓടിയ മിധു ഒടുവിൽ ബലപ്രയോഗത്തിലൂടെ മാരിയമ്മയെ കീഴ്‌പ്പെടുത്തി. ഇതിനിടയിൽ മാരിയമ്മയുടെ ചുരിദാർ കീറിയെങ്കിലും നഗ്‌നത പുറത്തുകാണാതിരിക്കാൻ മിധു അവരെ പൊതിഞ്ഞുപിടിക്കുകയായിരുന്നു. ജംക്ഷനിലെ ട്രാഫിക് പൊലീസുകാരനും അതുവഴി വന്ന ഓട്ടോ തൊഴിലാളികളും മോഷ്ടാവിനെ തടഞ്ഞുവയ്ക്കാൻ സഹായിച്ചു.