ചേർത്തല: 11 കെ.വി. വൈദ്യുത ലൈനിലെ ഇൻസുലേറ്റർ പൊട്ടിത്തെറിച്ച് ഭൂമിയിലൂടെയുണ്ടായ അമിത വൈദ്യുതി പ്രവാഹത്തെ തുടർന്ന് ചേർത്തല കടക്കരപ്പള്ളിയിൽ നിരവധി ആളുകൾക്കു വൈദ്യുതാഘാതമേറ്റു. ഇരുമ്പ് ഗ്രില്ലിൽ പിടിച്ചതിനെ തുടർന്ന് കൈകൾക്കു പൊള്ളലേറ്റ പിഞ്ചുകുഞ്ഞിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടക്കരപ്പള്ളി ഒൻപതാം വാർഡ് ഒറ്റപ്പുന്ന കളത്തിപ്പറമ്പിൽ നദീറിന്റെ മകൻ ഇഷാന്റെ(ഒന്നര) ഇടതു കൈക്കാണ് പൊള്ളലേറ്റത്. വീടിന്റെ ഇരുമ്പുഗ്രില്ലിൽ പിടിച്ചു നിൽക്കുമ്പോഴാണ് കുട്ടിക്ക് പൊള്ളലേറ്റത്.

ഉടൻ തന്നെ കുട്ടിയെ ചേർത്തല താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഹൃദയമിടിപ്പിൽ വ്യത്യാസം കണ്ടതോടെ് മെഡിക്കൽ കോളേജിലേക്കു മാറ്റുകയായിരുന്നു. തിങ്കളാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. ചൊവ്വാഴ്ചയാണ് വിവരം പുറത്തായത്. സമീപവാസികൾക്കും ചെറിയതോതിൽ വൈദ്യുതാഘാതമേറ്റിരുന്നു. പ്രദേശത്തെ വീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾക്കടക്കം നാശമുണ്ടായി.

കളത്തിപ്പറമ്പിൽ നാസറിന്റെ വീട്ടിലെ ബൾബുകളും ട്യൂബുകളും കത്തിനശിച്ചു. വീടിനു വെളിയിൽനിന്ന നാസറിന്റെ ഭാര്യ റഷീദക്കും മരുമകൾ റിസാനയ്ക്കുമാണ് ആദ്യം വൈദ്യുതാഘാതമേറ്റത്. തൊട്ടുപിന്നാലെയാണ് ഇഷാനു പൊള്ളലേറ്റത്. റഷീദ ഓടിയെത്തി ഗ്രില്ലിൽനിന്നു കുട്ടിയെ എടുത്തുമാറ്റുകയായിരുന്നു. കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പുറത്തിറങ്ങിയപ്പോഴും ഇവർക്ക് ചെറിയതോതിൽ വൈദ്യുതാഘാതമേറ്റു.

സമീപത്തെ വീടുകളിലും കടകളിലും ചെറിയതോതിൽ പ്രശ്നങ്ങളുണ്ടായി. വൈദ്യുതാഘാതമാണെന്നു ആളുകൾക്ക് പിന്നീടാണു മനസ്സിലായത്. അപകടവിവരം പട്ടണക്കാട് കെ.എസ്.ഇ.ബി. ഓഫീസിൽ അറിയിച്ചെങ്കിലും ഒരു മണിക്കൂറിനു ശേഷമാണ് ആളെത്തിയതെന്ന പരാതിയുണ്ട്.

സംഭവത്തെക്കുറിച്ച് കെ.എസ്.ഇ.ബി. അന്വേഷണം തുടങ്ങി. കെ.എസ്.ഇ.ബി. ചേർത്തല സബ് സ്റ്റേഷനിൽനിന്ന് അർത്തുങ്കൽ ഫീഡറിലേക്കുള്ള 11 കെ.വി. ലൈനിലെ ഇൻസുലേറ്ററാണ് പൊട്ടിയത്. ഭൂമിയിലേക്ക് വൈദ്യുതി പ്രവഹിക്കാതിരിക്കാനുള്ള സംവിധാനമാണ് ഇൻസുലേറ്റർ. ഇതു പൊട്ടിത്തെറിക്കാറില്ലെന്ന് അധികൃതർ പറയുന്നു.

അപ്രതീക്ഷിതമായാണ് ഇൻസുലേറ്റർ പൊട്ടിയതെന്നും ഇതുമൂലം ചെറിയതോതിൽ ഭൂമിയിലൂടെ വൈദ്യുതി പ്രവഹിച്ചതാണ് പ്രശ്നമായതെന്നുമാണ് പ്രാഥമിക വിലയിരുത്തൽ. മതിയായ എർത്തിങ്ങുള്ള വീടുകളിൽ പ്രശ്നമുണ്ടായിട്ടില്ലെന്നും ജീവനക്കാർ പരമാവധി നേരത്തേതന്നെ സംഭവ സ്ഥലത്തെത്തിയെന്നും അധികൃതർ പറഞ്ഞു.