മൂന്നാർ: മണ്ണെണ്ണ മറിച്ചു വിറ്റ ശേഷം മണ്ണെണ്ണ ഡിപ്പോയിലെ ടാങ്കിൽ വെള്ളം നിറച്ച തട്ടിപ്പ് നടത്തിയ സംഭവത്തിൽ സപ്ലൈകോ ജൂനിയർ അസിസ്റ്റന്റിനെ സസ്‌പെൻഡ് ചെയ്തു. മൂന്നാർ ഡിപ്പോയിലെ ചുമതലക്കാരനായിരുന്ന പി. രാജുവിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. സിവിൽ സപ്ലൈസ് അഡിഷണൽ ജനറൽ മാനേജർ പി.ടി.സുരാജാണ് ഇയാളെ സസ്‌പെൻഡ് ചെയ്ത് ഉത്തരവ് ഇറക്കിയത്.

റേഷൻകടകളിൽ വിതരണം ചെയ്യുന്നതിനായി ഡിപ്പോയിൽ സൂക്ഷിച്ച മണ്ണെണ്ണ മറിച്ചുവിറ്റശേഷം അതേ അളവിൽ ടാങ്കിൽ വെള്ളം നിറച്ചാണ് തട്ടിപ്പ് നടത്തിയത്. മൂന്നാർ പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള ഡിപ്പോയിലാണ് തട്ടിപ്പ് നടന്നത്. ഇവിടെനിന്ന് റേഷൻ കടകളിൽ വിതരണംചെയ്ത മണ്ണെണ്ണയിൽ വെള്ളത്തിന്റെ അംശം കണ്ടെത്തിയിരുന്നു. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്.

പരിശോധനയിൽ ടാങ്കിൽ വെള്ളം കലർത്തിയതായും 562 ലിറ്റർ മണ്ണെണ്ണ സ്റ്റോക്കിൽ കുറവുള്ളതായും കണ്ടെത്തി. തട്ടിപ്പ് പുറത്തായതോടെ ഇയാൾ അവധിയിൽ പോയിരുന്നു. പകരം ചുമതലയേറ്റ ഉദ്യോഗസ്ഥൻ നൽകിയ പരാതിയിലാണ് കോട്ടയം മേഖല മാനേജരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.