മറയൂർ: ആറുവയസ്സുകാരന്റെ മുഖം ചൂടു തവി കൊണ്ട് പൊള്ളിച്ച അമ്മയുടെ പേരിൽ മറയൂർ പൊലീസ് കേസെടുത്തു. മറയൂരിൽ താമസിച്ചുവരുന്ന മുപ്പതുകാരിയുെട പേരിലാണ് ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം കേസെടുത്തത്. കുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. കുട്ടിയെ ഇടുക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുൻപിൽ മറയൂർ പൊലീസ് ഹാജരാക്കിയ ശേഷമാണ് ഷെൽട്ടർ ഹോമിലേക്ക് മാറ്റിയത്.

പത്ത് ദിവസം മുൻപാണ് കുട്ടിക്ക് പൊള്ളലേറ്റത്. കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോകാൻ പോലും അമ്മ തയ്യാറായില്ല. പരിസരവാസികൾ മറയൂർ പൊലീസ് ഇൻസ്‌പെക്ടർ ടി.ആർ. ജിജുവിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് കുട്ടിയെ മറയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ എത്തിച്ചത്. കമ്പുകൊണ്ട് അടിച്ചതാണ് എന്ന് കുട്ടി ആദ്യം പറഞ്ഞെങ്കിലും ഡോക്ടറുടെ പരിശോധനയിൽ പൊള്ളലേറ്റതാണെന്ന് മനസ്സിലായി. കുട്ടിയോട് കൂടുതൽ ചോദിച്ചറിഞ്ഞപ്പോഴാണ് അമ്മ തവി ചൂടാക്കി പൊള്ളിച്ചതാണെന്ന് കണ്ടെത്തിയത്.

വടികൊണ്ട് അടിച്ചതാണെന്ന് പറയണമെന്ന് അമ്മ പറഞ്ഞതായും കുട്ടി പറഞ്ഞു. മഴയത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വീട്ടിനുള്ളിലേക്ക് വിളിച്ചപ്പോൾ വരാതിരുന്നതിനാണ് പൊള്ളിച്ചതെന്നും കുട്ടി പറഞ്ഞു. വട്ടവട കോവിലൂർ സ്വദേശിയായ ഭർത്താവുമായി മൂന്നുവർഷമായി പിരിഞ്ഞു ജീവിക്കുകയാണ് കുട്ടിയുടെ അമ്മ.

ഇവർക്ക് മൂന്നു മക്കളാണ് ഉള്ളത്. രണ്ടു പെൺകുട്ടികളും ഒരാണും. കുട്ടിയെ ആറു വയസ്സായിട്ടും സ്‌കൂളിൽ ചേർത്തിട്ടില്ല. ഭർത്താവിനോടൊപ്പമായിരുന്നു കുട്ടി എന്ന മറുപടിയാണ് അമ്മയിൽനിന്ന് ലഭിച്ചത്. അമ്മയെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്ന് മറയൂർ ഇൻസ്‌പെക്ടർ റ്റി.ആർ.ജിജു പറഞ്ഞു.