തിരുവനന്തപുരം: എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റുമോ? 'ഡ്രൈ ഡേ' മാറ്റണമെന്ന് സെക്രട്ടറി തല കമ്മറ്റി ശുപാർശ ചെയ്തു. ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിലാണ് നിർദ്ദേശം. എല്ലാ മാസവും ഒന്നാം തീയതി മദ്യശാല തുറന്നാൽ 15,000 കോടിയുടെ വരുമാന വർധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ.

വരുമാന വർധന ചർച്ച ചെയ്യാൻ തിങ്കളാഴ്ച വിളിച്ചുചേർത്ത യോഗമാണ് ഇങ്ങനെയൊരു നിർദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. വില കുറഞ്ഞ- വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന, മദ്യ ഉത്പാദനം പ്രോത്സാഹിപ്പിച്ച് കയറ്റുമതിയിലേക്ക് കൂടുതലായി കടക്കുന്ന കാര്യങ്ങളും യോഗത്തിൽ ചർച്ചയായി. പുതിയ മദ്യനയം വരുന്നതിന് മുന്നോടിയായാണ് യോഗം നടന്നത്.

കേരളത്തിൽ ഡ്രൈ ഡേ പിൻവലിക്കാൻ നേരത്തെയും നീക്കം നടന്നിരുന്നു. ടൂറിസം മേഖലയിൽ നിന്നുൾപ്പെടെയുള്ള സമ്മർദ്ദം ചൂണ്ടികാണിച്ചാണ് പിൻവലിക്കാൻ ശ്രമം നടത്തിയത്.

21 വർഷങ്ങൾക്ക് മുമ്പാണ് ശമ്പള ദിവസമായ ഒന്നാം തീയതി സംസ്ഥാനത്ത് ഡ്രൈഡേയായി പ്രഖ്യാപിച്ചത്. ശമ്പള ദിനമായ ഒന്നാം തീയതി മദ്യശാലകൾ തുറക്കുന്നത് വീടുകളിലെത്തേണ്ട വരുമാനത്തിന്റെ നല്ലൊരു ശതമാനവും മദ്യശാലകളിലെത്തിക്കുന്നു എന്ന വിലയിരുത്തലിൽ എ.കെ. ആന്റണി സർക്കാരാണ് ഇങ്ങനെയൊരു തീരുമാനം കൈകൊണ്ടത്.