തിരുവനന്തപുരം: തെക്കൻ - മധ്യ കേരളത്തിൽ കനത്ത മഴയിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കൊച്ചിയിൽ കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ടും ഗതാഗതകുരുക്കും ഉണ്ടായി. ആലപ്പുഴ തുറവൂരിൽ ദേശീയപാതയിലേക്ക് വെള്ളംകയറി ഗതാഗതം തടസ്സപ്പെട്ടു.

കൊച്ചിയിൽ മണിക്കൂറുകളായി കനത്ത മഴ തുടരുകയാണ്. മഴ തോരാതെ പെയ്തതോടെ നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ഇടപ്പള്ളി, കുണ്ടന്നൂർ, കടവന്ത്ര, എം.ജി.റോഡ്,കാക്കനാട് ഇൻഫോ പാർക്ക് പരിസരം, കെ.എസ്.ആർ.ടിസി ബസ് സ്റ്റാന്റ് പരിസരം അടക്കമുള്ള സ്ഥലങ്ങളിലാണ് വെള്ളക്കെട്ടുണ്ടായിട്ടുള്ളത്. കടവന്ത്ര ഗാന്ധി നഗറിൽ വീടുകളിലേക്കും വെള്ളം കയറിയിട്ടുണ്ട്. വൈകിട്ട് 4 മണിയോടെ തുടങ്ങിയ മഴയാണ് കൊച്ചിയിൽ നിർത്താതെ പെയ്യുന്നത്. നഗരത്തിൽ പലയിടത്തും ഗതാഗതക്കുരുക്കും രൂക്ഷമാണ്.

തൃശൂരിലും കനത്ത മഴ തുടരുന്നു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.അശ്വിനി ആശുപത്രിയിലും തൊട്ടടുത്തുള്ള അക്വാറ്റിക്ക് ലൈനിലെ വീടുകളിലും വെള്ളം കയറി. പടിഞ്ഞാറെക്കോട്ടയിൽ ബിഷപ്പ് ഹൗസിന് സമീപം മതിലിടിഞ്ഞ് വീണു.

എറണാകുളം ജില്ലയിൽ മണിക്കുറുകളോളം തുടർച്ചയായി പെയ്ത മഴയിൽ കൊച്ചി നഗരം വെള്ളക്കെട്ടിലായി. മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിലായി. വൈറ്റില, കുണ്ടന്നൂർ,ദേശീയപാത, ഇടപ്പള്ളി, എസ്ആർഎം റോഡ്, ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം ലിങ്ക് റോഡ്, ഇൻഫോപാർക്ക്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, എംജി റോഡ്, കടവന്ത്ര സൗത്ത്, ചിറ്റൂർ റോഡ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു. മഴവെള്ളം ഒഴുകിപ്പോകാൻ സാഹചര്യമില്ലാത്തതിനെ തുടർന്നാണിത്. മിക്ക റോഡുകളിലും മുട്ടൊപ്പം വെള്ളമാണ്. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തെ കടകളിലും വെള്ളം കയറി. കളമശേരി മൂലേപാടത്തെ ഒട്ടേറെ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. വെള്ളക്കെട്ട് രൂക്ഷമായതോടെ വാഹന ഗതാഗതം തടസ്സപ്പെട്ടതിനൊപ്പം കനത്ത ട്രാഫിക് കുരുക്കും നഗരത്തിലുണ്ട്.

കൊച്ചി നഗരത്തിൽ ഓപ്പറേഷൻ ബ്രേക് ത്രൂ എന്ന പേരിൽ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പദ്ധതികൾ കോർപറേഷനും സംസ്ഥാന സർക്കാരുമൊക്കെ ചേർന്നു നടത്തിയെങ്കിലും അതൊന്നും ഫലവത്തായിട്ടില്ല എന്നതാണ് ഇത്തവണത്തെ സാഹചര്യം സൂചിപ്പിക്കുന്നത്. മഴക്കാലപൂർവ ശുചീകരണം പേരിനു മാത്രം നടത്തിയതാണ് മഴക്കാലത്തിന്റെ തുടക്കത്തിൽ തന്നെ ഇത്തരമൊരു സാഹചര്യം രൂപപ്പെടാൻ കാരണമായത് എന്ന പരാതിയും ഉയരുന്നുണ്ട്.ഏതാനും മണിക്കൂറുകൾ മാത്രം മഴ പെയ്തപ്പോൾ നഗരം വെള്ളത്തിലായ സാഹചര്യത്തിൽ മൺസൂൺ ആരംഭിക്കുന്നതോടെ എന്താകും സ്ഥിതി എന്ന ആശങ്കയും ഉയരുന്നുണ്ട്. കാനകളിൽ നിന്നുള്ള അഴുക്കുജലമാണ് നഗരത്തിലൂടെ ഒഴുകുന്നത്. ഇത് വലിയ തോതിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകാം എന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

റെഡ് അലർട്ട് തുടരുന്ന കോട്ടയം ജില്ലയിൽ വ്യാപാരസ്ഥാപനങ്ങളിലടക്കം വെള്ളം കയറുന്ന സാഹചര്യമാണ്. കോട്ടയം എസ്എച്ച് മൗണ്ടിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഞിഴൂർ- കാട്ടാമ്പാക്ക് റോഡ് വലിയ തോട്ടിലേക്ക് ഇടിഞ്ഞു താഴ്ന്നും കടുത്തുരുത്തി - തോട്ടുവ റോഡിൽ മൂർത്തിക്കൽ ഭാഗത്തും പിറവം റോഡിൽ കൈലാസപുരം ഭാഗത്തും വെള്ളം കയറി ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. വൈകിട്ട് പെയ്ത കനത്ത മഴയിൽ വടയാർ പാലത്തിനു സമീപം തണൽ മരം റോഡിലേക്ക് കടപുഴകി വീണ് വൈക്കം-തലയോലപ്പറമ്പ് റോഡിലൂടെയുള്ള ഗതാഗതം 45 മിനിറ്റോളം തടസ്സപ്പെട്ടു. വൈക്കത്തുനിന്നും അഗ്‌നിരക്ഷാസേന എത്തി മരം പൂർണമായി മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

മഴ ശക്തമാകുന്ന ആലപ്പുഴയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകിട്ടോടെ പെയ്ത ശക്തമായ മഴയിൽ ദേശീയപാതയിൽ പാതയോരത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും വെള്ളം കയറി. അരൂർ മുതൽ തുറവൂർ വരെ ഉയരപ്പാത നടക്കുന്ന സ്ഥലങ്ങളിൽ ചന്തിരൂർ, എരമല്ലൂർ, കൊച്ചുവെളിക്കവല എരമല്ലൂർ പിള്ളമുക്ക് ചന്തിരൂർ പാലത്തിന് സമീപം, അരൂർ ക്ഷേത്രം കവല, അരൂർ പെട്രോൾ പമ്പ് എന്നിവിടങ്ങളിലാണ് ഒരടിയോളം ഉയരത്തിൽ പാതയിൽ പെയ്ത്ത്തുവെള്ളം നിറഞ്ഞത്. ഇരുചക്രവാഹനങ്ങൾ വെള്ളം നിറഞ്ഞ് നിൽക്കുന്ന കുഴികളിൽ അകപ്പെട്ടതോടെ ഗതാഗത കുരുക്കുമുണ്ടായി. കാൽ നടയാത്രികർക്ക് റോഡ് മുറിച്ചുകടക്കാൻ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നു. തുറവൂർ ജംക്ഷന് തെക്കു ഭാഗത്തുള്ള ടയർകടയിലെ താഴത്തെ നിലയിൽ പകുതിയോളം വെള്ളം കയറി അപകടം ഉണ്ടാകാതിരിക്കാൻ കുത്തിയതോട് വൈദ്യുതി സെക്ഷനിൽ നിന്നുള്ള ജീവനക്കാരെത്തി കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അരൂർ ക്ഷേത്ര ജംക്ഷനും, കുത്തിയതോട് പാലത്തിന് സമീപമുള്ള 3 വീടുകളും വെള്ളക്കെട്ടിലാണ്.

ലക്ഷദ്വീപിൽ കുടുങ്ങിയവരെ തിരികെ കൊണ്ടുവരാനുള്ള അധിക വിമാന സർവീസ് ഇന്നില്ല. ലക്ഷദ്വീപിൽ കുടുങ്ങിയ യാത്രക്കാരെ കൊണ്ടുവരാനുള്ള അധിക വിമാന സർവീസ് മഴ മൂലം നടത്താനായില്ല. രാവിലെ അഗത്തിയിലേക് സർവീസ് നടത്തി തിരിച്ചുവന്ന വിമാനമാണ് വീണ്ടും അധിക സർവീസിനായി അലൈൻസ് എയർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ കനത്ത മഴയെ തുടർന്ന് അധിക സർവീസ് നാളെത്തേക്ക് മാറ്റയതായി അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. കൂടുതൽ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് വൈകിട്ട് റെഡ് അലർട്ട്. തെക്കൻ, മധ്യ കേരളത്തിൽ അതിതീവ്ര മഴ ലഭിക്കും. തെക്കൻ കേരളത്തിന് മുകളിലായുള്ള ചക്രവാത്ര ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ ലഭിക്കുന്നത്.