ചാരുംമൂട്: കാപ്പ ഉത്തരവുകൾ ലംഘിച്ച രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്ത് പൊലീസ്. നൂറനാട് ഉളവുക്കാട് കോടൻപറമ്പിൽ വീട്ടിൽ മുഹമ്മദ് ഹഫീസ് (കുഞ്ഞിക്കണ്ണൻ-24), ഇയാളുടെ സുഹൃത്ത് ഉളവുകാട് വിഷ്ണു ഭവനം കണ്ണൻ സുഭാഷ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

മുഹമ്മദ് ഹഫീസിന് കാപ്പാ നിയമപ്രകാരം ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം 21 മുതൽ ഒൻപത് മാസക്കാലത്തേക്കാണ് ജില്ലയിൽ ഇയാൾ പ്രവേശനം നിഷേധിച്ചു കൊണ്ട് എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ പുട്ട വിമലാദിത്യ ഉത്തരവ് പുറപ്പെടുവിച്ചത്.

നൂറനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ചിലധികം കേസുകളിൽ മുഹമ്മദ് ഹഫീസ് പ്രതിയാണ്. കാപ്പ ഉത്തരവ് ലംഘിച്ച് ഞായറാഴ്ച വൈകിട്ട് ആറു മണിയോടെ മുഹമ്മദ് ഹഫീസ് നൂറനാട് കിടങ്ങയം ഭാഗത്ത് വന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് സിഐ ഷൈജു ഇബ്രാഹിമിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തിയപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പൊലീസ് ഇയാളെ പിൻതുടർന്ന് പിടികൂടുകയായിരുന്നു.

മുഹമ്മദ് ഹഫീസിന്റെ കൂട്ടാളിയായ കണ്ണൻ സുഭാഷ്, കാപ്പാ നിയമപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്‌പി ഓഫീസിൽ മാസത്തിൽ രണ്ട് തവണ റിപ്പോർട്ട് ചെയ്യണമെന്നായിരുന്നു ഉത്തരവ്. എന്നാൽ ഇയാൾ ഉത്തരവ് ലംഘിച്ചു മുങ്ങി നടക്കുകയായിരുന്നു. എന്നാൽ രഹസ്യവിവരം ലഭിച്ച പൊലീസ് സംഘം ഇയാളെ തിങ്കളാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മുഹമ്മദ് ഹഫീസിന്റെ സഹോദരൻ മുഹമ്മദ് റാഫിയെയും എട്ടു മാസം മുൻപ് ആലപ്പുഴ ജില്ലയിൽ നിന്ന് പുറത്താക്കിയിരുന്നു.

ജില്ലയിലെ ഗുണ്ടകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ കാപ്പാ നിയമപ്രകാരമുള്ള നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.