തിരുവനന്തപുരം: വർക്കല വെറ്റക്കട ബീച്ചിൽ വിദ്യാർത്ഥിനി തിരയിൽപ്പെട്ട് മരിച്ചത് ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം. ഇടവ വെൺകുളം ചെമ്പകത്തിന്മൂട് പ്ലാവിള വീട്ടിൽ സാജന്റെയും സിബിയുടെയും മകൾ ശ്രേയ (15) ആണ് മരിച്ചത്. അയിരൂർ എം.ജി.എം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇതേ സ്‌കൂളിലെ അദ്ധ്യാപികയാണ് അമ്മ.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഇടവ വെറ്റക്കട കടപ്പുറത്താണ് സംഭവം. സ്‌കൂളിൽ പോകാതെ മൊബൈലിൽ കളിച്ചുകൊണ്ടിരുന്ന ശ്രേയയെ വീട്ടുകാർ ശകാരിച്ചിരുന്നു. പത്തരയോടെ സ്‌കൂൾ യൂണിഫോം ധരിച്ച് വീട്ടിൽനിന്നും ഇറങ്ങി. ഉച്ചയോടെ ശ്രേയ വെറ്റക്കട കടപ്പുറത്തെത്തി കടലിൽ ഇറങ്ങുകയായിരുന്നുവത്രെ. ഒപ്പം സുഹൃത്തും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. സംഭവം ശ്രദ്ധയിൽപെട്ട മത്സ്യത്തൊഴിലാളികൾ പൊലീസിലും ഫയർഫോഴ്‌സിലും വിവരമറിയിച്ചു. ഇവർ സ്ഥലത്തെത്തി നടത്തിയ തെരച്ചിലിൽ കാപ്പിൽ പൊഴിമുഖത്താണ് മൃതദേഹം കണ്ടത്.

രണ്ട് കുട്ടികൾ കടലിലേക്ക് നടന്ന് പോകുന്നതാണ് നാട്ടുകാർ ആദ്യം കണ്ടത്. തുടർന്ന് ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കുട്ടികൾ കടലിൽപ്പെട്ട് പോകുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആൺസുഹൃത്തിനായി തിരച്ചിൽ തുടരുകയാണ്. ശ്രേയയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. വെള്ളിയാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്‌കരിക്കും. സഹോദരൻ: സാഗർ