- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വഴിയാത്രക്കാരെ ഭീഷണിപ്പെടുത്തി പണപ്പിരിവ്; പൊലീസിനു നേരെ വാളുവീശി യുവാവ്
തിരുവനന്തപുരം: കോവളം കോളിയൂരിൽ സ്ഥിരമായി വഴിയാത്രക്കാരെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും പണപ്പിരിവ് നടത്തുകയും ചെയ്ത യുവാവിനെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിനുനേരെ വാളുവീശി ആക്രമണം. പൊലീസ് ജീപ്പിന് നേരെ കല്ലെറിഞ്ഞ് ഗ്ലാസ് പൊട്ടിച്ച പ്രതി ഓടി രക്ഷപ്പെട്ടു. കൈലിപ്പാറ കോളനി സ്വദേശി ഗോകുൽ കണ്ണൻ (22) ആണ് കോവളം പൊലീസിനെ ആക്രമിക്കുകയും വാളുകാട്ടി ഭീഷണിപ്പെടുത്തുകയും ജീപ്പിന്റെ പിൻഭാഗത്തെ ഗ്ലാസ് എറിഞ്ഞുപൊട്ടിച്ച ശേഷം ഓടി രക്ഷപ്പെടുകയും ചെയ്തത്. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ ആയിരുന്നു സംഭവം.
കോവളം പൊലീസ് സ്റ്റേഷൻ പരിധിയിലെ കോളിയൂർ പുലരി റസിഡൻസിലുള്ള നാട്ടുകാരെയാണ് ഗോകുൽ കണ്ണൻ സ്ഥിരമായി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടിരുന്നത്. പണം നൽകാൻ വിസമ്മതിക്കുന്നവരെ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും മർദിക്കുകയും ചെയ്തിരുന്നു. ബൈക്ക് യാത്രികരെ തടഞ്ഞാണ് ഇയാൾ പണപ്പിരിവ് നടത്തിയിരുന്നത്. റസിഡൻസ് അസോസിയേഷൻ ഭാരവാഹിയെയും ഇയാൾ ഇത്തരത്തിൽ ആക്രമിച്ചു. ഇതേത്തുടർന്ന് കോളിയൂർ പുലരി റസിഡൻസിന്റെ ഭാരവാഹികൾ കോവളം എസ്.എച്ച്.ഓയ്ക്ക് പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്‌ഐ. പ്രദീപ് ഉൾപ്പെട്ട പൊലീസ് സംഘം ഗോകുൽ കണ്ണനെ തേടിയെത്തിയത്. എന്നാൽ, പൊലീസ് സംഘത്തെ കണ്ടയുടൻ ഇയാൾ വാളുവീശി പരിഭ്രാന്തി സൃഷ്ടിക്കുകയും പൊലീസ് ജീപ്പിന് കല്ലെറിഞ്ഞശേഷം ഓടിരക്ഷപ്പെടുകയുമായിരുന്നു. പ്രതിക്കായി രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്.