തിരുവനന്തപുരം : ആര്‍ എസ് എസ് - സി പി എം ബന്ധത്തെ കുറിച്ച് മുഖ്യമന്ത്രി അടക്കമുള്ള സി പി എം നേതാക്കളുടെ പ്രതികരണങ്ങള്‍ ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ ദുരൂഹത ഉയര്‍ത്തുന്നുവെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ആര്‍എസ്എസിന്റെ ഏജന്റ് ആണെന്ന ആരോപണം ഭരണകക്ഷിയില്‍ പെട്ട എംഎല്‍എ ഉയര്‍ത്തിയിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും അയാള്‍ക്കെതിരില്‍ എന്തെങ്കിലും തരത്തിലുള്ള ഒരു നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.ആരോപണ വിധേയനെ പദവിയില്‍ നിന്നും മാറ്റിനിര്‍ത്തി നിഷ്പക്ഷ അന്വേഷണം നടത്തുക എന്നതാണ് പ്രാഥമിക നടപടി. ഈ സാമാന്യ മര്യാദ പോലും അജിത് കുമാറിന്റെ കാര്യത്തില്‍ കാണിക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമില്ല.

സംസ്ഥാനത്തുടനീളം കനത്ത പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും ഇടതുമുന്നണിയിലെ ഘടകകക്ഷി നേതാക്കള്‍ പരസ്യ നിലപാട് സ്വീകരിച്ചിട്ടും എന്തുകൊണ്ടാകും മുഖ്യമന്ത്രി എം ആര്‍ അജിത് കുമാറിനെ സംരക്ഷിക്കുന്നത് എന്ന ചോദ്യം കേരളത്തിലെ ഇടതുപക്ഷ പ്രവര്‍ത്തകരില്‍ നിന്ന് വരെ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. അന്വേഷണ റിപ്പോര്‍ട്ടുകള്‍ വരുന്നതിനുമുമ്പ് തന്നെ ആരോപിതരായ മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരില്‍ നടപടി എടുക്കുമ്പോഴും എ ഡി ജി പി എം ആര്‍ അജിത് കുമാറിനെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന നിലപാടാണ് പിണറായി വിജയന്‍ സ്വീകരിക്കുന്നത്. എം ആര്‍ അജിത് കുമാറിനെ തൊട്ടു പോകരുത് എന്ന ആര്‍ എസ് എസ് നിര്‍ദേശം ഇടതുമുന്നണി യോഗത്തെ കൊണ്ട് അംഗീകരിപ്പിക്കാന്‍ പിണറായി വിജയന് കഴിഞ്ഞിരിക്കുന്നു. തന്റെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി ഇടതുമുന്നണിയെ പോലും ചൊല്പടിയില്‍ നിര്‍ത്തുകയാണ് പിണറായി വിജയന്‍ ചെയ്യുന്നതെന്നും വെല്‍ഫെയര്‍ പാര്‍ട്ടി കുറ്റപ്പെടുത്തി.

സംസ്ഥാനത്തിന്റെ ക്രമസമാധാന പാലനത്തിന്റെ ചുമതലയുള്ള എ ഡി ജി പി പദവിയില്‍ ഇരിക്കെയാണ് അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളായ ഹൊസബലെയുമായും റാം മാധവുമായും രഹസ്യ കൂടിക്കാഴ്ച നടത്തിയത്. ആ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുക്കളുടെ സാന്നിധ്യം ഉണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. എന്തിനുവേണ്ടിയാകും ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ ബന്ധുവും കൂടി ആര്‍എസ്എസ് നേതാവിനെ കണ്ടിട്ടുണ്ടാവുക. മുഖ്യമന്ത്രിയും പാര്‍ട്ടിയും അറിയാതെയും വ്യക്തമായ നിര്‍ദേശം ഇല്ലാതെയും ഈ കൂടിക്കാഴ്ച നടക്കില്ല എന്ന് എല്ലാവര്‍ക്കും അറിയാം.

പ്രകാശ് ജാവ്‌ദേകറുമായി കൂടിക്കാഴ്ച നടത്തിയ ഇ പി ജയരാജനെതിരില്‍ നടപടി എടുക്കാന്‍ വിമുഖതയില്ലാത്ത സി പി എമ്മും ഇടതുമുന്നണിയും എം ആര്‍ അജിത് കുമാറിനെ സംരക്ഷിക്കാന്‍ പെടാപ്പാട് പെടുന്നതില്‍ നിന്ന് കാര്യം വ്യക്തമാവുകയാണ്. കേന്ദ്ര കമ്മിറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായിരുന്ന ഇ പി ജയരാജന് നല്‍കാത്ത ആനുകൂല്യമാണ് ഇടതുമുന്നണിയും സിപിഎമ്മും എം ആര്‍ അജിത് കുമാറിന് നല്‍കിയിരിക്കുന്നത്. തങ്ങളെ ആര്‍എസ്എസ് നേതാക്കള്‍ കാണാന്‍ വന്നാല്‍ തടയാന്‍ പറ്റുമോ എന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ ചോദിക്കുന്നത്. എന്നാല്‍ പ്രകാശ് ജാവേദ്ക്കര്‍ ഇ പി ജയരാജനെ ഇങ്ങോട്ട് വന്ന് കണ്ടിട്ടും എന്തുകൊണ്ട് സിപിഎം നടപടി സ്വീകരിച്ചു.

അതേ സിപിഎം തങ്ങളുടെ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്‍ ആര്‍എസ്എസ് നേതാക്കളെ അങ്ങോട്ടുപോയി കണ്ടിട്ടും നടപടി സ്വീകരിക്കാന്‍ ഭയക്കുന്നത് എന്തുകൊണ്ടാണ് എന്നതിന് കൂടി എല്‍ഡിഎഫ് കണ്‍വീനര്‍ മറുപടി പറയേണ്ടത് ഉണ്ട്. പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും എന്ന പിണറായി വിജയന്റെ മാസ് ഡയലോഗ് എന്തുകൊണ്ടാണ് അജിത് കുമാറിന് ബാധകമാകാതെ പോകുന്നത്.

കീഴുദ്യോഗസ്ഥരുടെ ഒരു സംഘം തങ്ങളുടെ മേലുദ്യോഗസ്ഥനെതരില്‍ സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുകയില്ല എന്ന കാര്യം ആര്‍ക്കും മനസ്സിലാകും. ഏതു നിമിഷവും നിഷ്പ്രയാസം അട്ടി മറിക്കപ്പെടാവുന്ന അന്വേഷണ പ്രഹസനം ആയിരിക്കുമത്. ഈ രീതി മറ്റേതെങ്കിലും സര്‍ക്കാറുകള്‍ സ്വീകരിച്ചാല്‍ ഇടതുമുന്നണിയോ സിപിഎമ്മോ അത് അംഗീകരിച്ചു കൊടുക്കുകയും ഇല്ല. ആര്‍എസ്എസ് ഡീപ്പ് സ്റ്റേറ്റിന് കേരളഭരണം വിട്ടുകൊടുത്തു സര്‍ക്കാരിനുള്ളിലെ ആര്‍എസ്എസ് ചാരന്മാരെ സംരക്ഷിക്കുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും എ ഡി ജി പി യെ സ്ഥാനത്ത് നിന്ന് മാറ്റി നിറുത്തി ജൂഡീഷ്യല്‍ അന്വേഷണം നടത്തുകയും വേണം. ഇടത് അനുയായികളെ പോലും വഞ്ചിച്ചു കൊണ്ടാണ് മുഖ്യമന്ത്രി അധികാര കസേരയില്‍ കടിച്ചു തൂങ്ങുന്നത്.

നിഷ്പക്ഷ നിലപാട് സ്വീകരിക്കേണ്ട നിയമസഭാ സ്പീക്കര്‍ മുഖ്യമന്ത്രിയുടെ വാലാട്ടിയെപ്പോലെ പ്രതികരിക്കുന്നത് ജനാധിപത്യത്തിന് കളങ്കമാണ്. പാര്‍ട്ടി രാഷ്ട്രീയത്തെ ആകെ അട്ടിമറിച്ച് വലതുപക്ഷ കൂടാരത്തിലേക്ക് സിപിഎമ്മിനെ കൊണ്ടുപോകാന്‍ ശ്രമിക്കുന്ന നേതാവിന് മുന്നില്‍ വിനീതവിധിയായരായി സിപിഎമ്മിലെ ഉന്നത നേതാക്കള്‍ നിലകൊള്ളുകയാണ്. ഇത്തരക്കാര്‍ ഉണ്ടാക്കിയ സ്‌ക്രിപ്റ്റാണ് ആര്‍ എസ് എസ് ഇന്ത്യയിലെ പ്രധാനപ്പെട്ട സംഘടനയാണ് എന്നത്.

രാജ്യത്തെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ ഒറ്റു കൊടുക്കുകയും ഗാന്ധി വധം, മുസ്ലിം - ക്രിസ്ത്യന്‍ ഉന്‍മൂലനങ്ങള്‍ അടക്കമുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്ത ഒരു വംശീയ സംഘടനയെ സാധാരണവത്കരിക്കാന്‍ ശ്രമിക്കുയാണ് സി പി എം നേതാക്കള്‍ ഇപ്പോള്‍ ചെയ്യുന്നത്. ആര്‍എസ്എസുമായി ഉണ്ടാക്കിയ ധാരണകളുടെ അടിസ്ഥാനത്തില്‍ സി പി എം ബി ജെ പി ക്ക് കൊടുത്ത സമ്മാനമാണ് തൃശ്ശൂരിലെ വിജയം. കേരള ജനതയെ ആണ് ഇടതുപക്ഷം വഞ്ചിച്ചിരിക്കുന്നത്. മാപ്പില്ലാത്ത രാഷ്ട്രീയ കുറ്റകൃത്യമാണ് സി പി എം നടത്തിയിരിക്കുന്നത്. അനേകം രക്തസാക്ഷികളുടെ ജീവത്യാഗത്തിലൂടെ കെട്ടിപ്പടുത്ത ഒരു പ്രസ്ഥാനത്തെ സംഘപരിവാറിന് പണയപ്പെടുത്തുന്ന ഇത്തരം നേതാക്കള്‍ക്കെതിരെ ഇടത് പ്രവര്‍ത്തകര്‍ തന്നെ രംഗത്തുവരേണ്ടതുണ്ടെന്നും വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് ജോണ്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല ജനറല്‍ സെക്രട്ടറി മെഹബൂബ് ഖാന്‍ പൂവാര്‍ എന്നിവര്‍ പങ്കെടുത്തു.