മാത്തറയില്‍ വൃദ്ധദമ്പതികളെ കുത്തിപ്പരിക്കേല്‍പ്പിച്ച് സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതി പിടിയില്‍കോഴിക്കോട്: മാത്തറയില്‍ വൃദ്ധദമ്പതികളെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. തിരൂരങ്ങാടി സി.കെ നഗര്‍ സ്വദേശി ഹസീമുദ്ദിനാണ് (30) പിടിയിലായത്. കത്തിവീശി കഴുത്തിലെ സ്വര്‍ണമാല കവര്‍ന്നശേഷം കൈയിലെ വള ഊരി നല്‍കാന്‍ ആവശ്യപ്പെടുകയും മോഷണം ചെറുക്കാന്‍ ശ്രമിച്ച വീട്ടമ്മയുടെ കയ്യില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

ആഗസ്റ്റ് 27-ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. വളര്‍ത്തു നായയുമായി പ്രഭാത സവാരിക്ക് പോയ ഗൃഹനാഥനെ നിരീക്ഷിച്ച ശേഷം ഇയാളുടെ ഭാര്യ മാത്രമേ വീട്ടിലുള്ളൂ എന്ന് ഉറപ്പു വരുത്തിയാണ് പ്രതി മോഷണം നടത്തിയത്. വള ഊരിയെടുക്കുന്നതിനിടെ, ഗൃഹനാഥന്‍ വീട്ടിലേക്ക് തിരിച്ചെത്തിയതോടെ ഇദ്ദേഹത്തേയും പ്രതി ആക്രമിച്ചു.

തിരിച്ചറിയാതിരിക്കാന്‍ ഹെല്‍മറ്റും റെയിന്‍ കോട്ടും ധരിച്ചാണ് ഹസീമുദ്ദീന്‍ കുറ്റകൃത്യം നടത്തിയത്. സി.സി.ടി.വിയില്‍ കുടുങ്ങാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നും മൂന്ന് ഓട്ടോകള്‍ മാറി കയറിയാണ് പ്രതി കോഴിക്കോട് നഗരത്തില്‍ എത്തിയതെന്നും പോലീസ് പറഞ്ഞു.

സംഭവശേഷം സ്വര്‍ണം വില്‍പ്പന നടത്തി ബെംഗളൂരുവിലേക്ക് കടന്ന പ്രതി, തിരിച്ച് കോഴിക്കോട്ടെത്തി നടക്കാവിലെ ആഡംബര ഫ്‌ലാറ്റില്‍ കഴിയുകയായിരുന്നു. ഇവിടെ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.