കൊച്ചി: തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ മുന്‍ പ്രസിഡന്റ് എസ്. ഭാസുരാംഗന്‍, മകന്‍ അഖില്‍ജിത്ത് എന്നിവരുടെ ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ബാങ്കിലെ സാമ്പത്തിക ക്രമക്കേടില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വാദം പരിഗണിച്ചാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ഉത്തരവ്.

ഇരുപ്രതികളും ചേര്‍ന്ന് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ ബാങ്ക് നിക്ഷേപമായി സ്വീകരിച്ചെന്നും നിക്ഷേപങ്ങള്‍ കാലാവധി പൂര്‍ത്തിയായശേഷം തിരിച്ചു നല്‍കുന്നില്ലെന്നും ആരോപിച്ചുള്ള പരാതികളിലാണ് ഇരുവര്‍ക്കുമെതിരെ കേസുള്ളത്. ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ നവംബറിലാണ് ഇരുവരും അറസ്റ്റിലായത്.

അന്നുമുതല്‍ ജയിലിലാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. ക്രമക്കേടില്‍ പങ്കില്ലെന്നും വായ്പകള്‍ തിരിച്ചടക്കാത്തതിനാലാണ് നിക്ഷേപം തിരികെ നല്‍കാനാവാതെ വന്നതെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍, ബാങ്ക് ഭരണസമിതി പ്രസിഡന്റായിരുന്ന ഭാസുരാംഗന്‍ മകന്റെയും മറ്റും പേരില്‍ വായ്പയെടുത്ത് തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന് ഇ.ഡി ആരോപിച്ചു.