- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുക്കുപണ്ടം പണയം വച്ച് ആറര ലക്ഷത്തോളം തട്ടിയ കേസില്‍ ഒന്നാം പ്രതി പിടിയില്‍
മുക്കുപണ്ടം പണയം വച്ച് ആറര ലക്ഷത്തോളം തട്ടിയ കേസില്‍ ഒന്നാം പ്രതി പിടിയില്‍
പത്തനംതിട്ട: കടമ്മനിട്ട കല്ലേലിമുക്കില്‍ പ്രവര്‍ത്തിക്കുന്ന താഴയില്‍ നിധി ലിമിറ്റഡ് എന്ന ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരുടെ ഒത്താശയോടെ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസില്‍ ഒന്നാം പ്രതിയെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടുകോട്ടക്കല്‍ വഞ്ചിപ്പൊയ്ക വെള്ളടംചിറ്റയില്‍ വീട്ടില്‍ ലാലു വര്‍ഗീസ് (63)ആണ് പിടിയിലായത്. രണ്ടും മൂന്നും പ്രതികള്‍ യഥാക്രമം മാനേജരും ജീവനക്കാരനുമാണ്. സ്ഥാപനത്തിലെ ലിറ്റിഗേഷന്‍ ഓഫീസര്‍ കോട്ടയം പുതുപ്പള്ളി എള്ളുകാല തലക്കോട്ടുച്ചാലില്‍ ടി പി ഷാജിയുടെ മൊഴിപ്രകാരം ആറന്മുള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. കേസില്‍ ആകെ നാലു പ്രതികളാണ് ഉള്ളത്.
നാലു തവണകളായി 125.35 ഗ്രാം തൂക്കം വരുന്ന 15 വളകള്‍ സ്വര്‍ണാഭരണമാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പണയം വച്ച ശേഷം ആകെ 646900 രൂപ യാണ് പ്രതി സ്ഥാപനത്തെ കബളിപ്പിച്ച് എടുത്തത്. രണ്ടും മൂന്നും പ്രതികള്‍ ചേര്‍ന്നാണ് ഇയാളില്‍ നിന്നും വളകള്‍ സ്വീകരിച്ച് പണം നല്‍കിയത്. നാലാം പ്രതിയാണ് ലാലുവിനെ സ്ഥാപനത്തില്‍ പരിചയപ്പെടുത്തിയത്. കഴിഞ്ഞ ഏപ്രില്‍ 29 മുതലാണ് തട്ടിപ്പ് നടന്നത്.
മേയ് 14 ന് ഒടുവിലായി വച്ച പണയം ജൂലൈ 10 ന് പുതുക്കി വക്കുകയായിരുന്നു. ഓഗസ്റ്റ് 30 ന് നടത്തിയ ഓഡിറ്റിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഒരു പരിചയക്കാരന്‍ പത്തനംതിട്ടയില്‍ വച്ച് പണയം വക്കാന്‍ മുക്കുപണ്ടങ്ങള്‍ ഏല്‍പ്പിച്ചതാണെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തി. കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. പണയമുതലുകള്‍ പ്രതിയുമായി സ്ഥാപനത്തില്‍ നടത്തിയ തെളിവെടുപ്പില്‍ പോലീസ് കണ്ടെടുത്തു.
അപ്രൈസറെ കൊണ്ട് പരിശോധിപ്പിക്കുകയും തൂക്കി നോക്കുകയും മറ്റും ചെയ്തു. പണയം വച്ചത് സംബന്ധമായ രേഖകള്‍ പോലീസ് പിടിച്ചെടുത്തു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ, സമാന രീതിയില്‍ മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം വിശദമായ അന്വേഷണം നടന്നുവരികയാണ്. ആറന്മുള പോലീസ് ഇന്‍സ്പെക്ടര്‍ വി എസ് പ്രവീണ്‍, എസ് ഐമാരായ അലോഷ്യസ്, സന്തോഷ്, എസ് സി പി ഓ പ്രദീപ്,സി പി ഓമാരായ സെയ്ഫ്, വിനോദ് എന്നിവര്‍ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്