കൊച്ചി: ലൈംഗികാതിക്രമ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടന്‍ ജയസൂര്യയ്ക്ക് പൊലീസിന്റെ നോട്ടിസ്. ആലുവ സ്വദേശിനിയായ നടി നല്‍കിയ പരാതിയിലാണ് നടപടി. പതിനഞ്ചാം തീയതി തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിനു മുന്‍പാകെ ഹാജരാകാനാണ് നിര്‍ദേശം.

ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത 'ദേ ഇങ്ങോട്ടു നോക്കിയേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. സെക്രട്ടേറിയറ്റില്‍ ഷൂട്ടിങ് നടക്കുന്നതിനിടെയായിരുന്നു സംഭവമെന്നാണ് യുവതി പറയുന്നത്. ജയസൂര്യ ദുരുദ്ദേശത്തോടെ ഫ്ളാറ്റിലേയ്ക്ക് ക്ഷണിച്ചതായും യുവതി ആരോപിക്കുന്നു.

ജയസൂര്യക്കെതിരെ കന്റോണ്‍മെന്റ്, കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ രണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. രണ്ട് കേസുകളിലും ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചതോടെയാണ് ഹര്‍ജികള്‍ തീര്‍പ്പാക്കിയത്. സ്ത്രീത്വത്തെ അപമാനിക്കല്‍ കുറ്റം ചുമത്തിയാണ് കേസെടുത്തത്.