തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന് നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് അനുവദിച്ചു. ഭരണ പക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയില്‍ നാലാം നിരയിലാണ് അന്‍വറിന്റെ പുതിയ സീറ്റ്. പ്രതിപക്ഷത്തിനൊപ്പം ഇരിക്കാന്‍ താത്പര്യമില്ലെന്ന് ഭരണകക്ഷിയില്‍ നിന്നും പുറത്താക്കപ്പെട്ട പി വി അന്‍വര്‍ അറിയിച്ചിരുന്നു.

സ്വതന്ത്ര എംഎല്‍എ ആയി സീറ്റ് അനുവദിക്കണമെന്നായിരുന്നു അന്‍വറിന്റെ ആവശ്യം. പ്രത്യേക സീറ്റെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ പ്രതികരിക്കാതിരുന്നതോടെ തലസ്ഥാനത്ത് എത്തിയിട്ടും പി വി അന്‍വര്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല. പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കില്‍ തറയില്‍ ഇരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നാളെ നിയമസഭയില്‍ പോകുമെന്നാണ് പി വി അന്‍വര്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

എഡിജിപി അജിത് കുമാറിനെതിരായ നടപടിയേയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. കസേരകളി പോലെ ഒരു സീറ്റില്‍ നിന്നും മറ്റൊരു സീറ്റിലേക്ക് മാറ്റിയിട്ട് എന്ത് കാര്യം. സസ്പെന്‍ഡ് ചെയ്യണ്ടേ. സസ്പെന്‍ഡ് ചെയ്യണമെന്നാണ് ഡിജിപി എഴുതിക്കൊടുത്തത്. മുഖ്യമന്ത്രിയുടെ ഓഫീസ് അതിന് തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.