കറുകച്ചാല്‍: ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് മധ്യവയസ്‌കനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാല്‍ തോട്ടയ്ക്കാട് ഉമ്പിടി കലയകുളം ഭാഗത്ത് പെരുന്നേപ്പറമ്പില്‍ വീട്ടില്‍ ഉമ്പിടി മഞ്ജു എന്ന് വിളിക്കുന്ന മനേഷ് ജോസിനെ (36)യാണ് കറുകച്ചാല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളും സുഹൃത്തും ചേര്‍ന്ന് കഴിഞ്ഞദിവസം രാവിലെ കറുകച്ചാല്‍ നത്തല്ലൂര്‍ ഭാഗത്ത് വെച്ച് മധ്യവയസ്‌കനെ മര്‍ദ്ദിക്കുകയും, ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനു ശേഷം ഇവര്‍ 2000 രൂപ തട്ടിയെടുക്കുകയും, കേസ് കൊടുത്താല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

മണല്‍ വില്‍പ്പന നടത്തിയിരുന്ന മധ്യവയസ്‌കനോട് ഗുണ്ടാപ്പിരിവ് ചോദിച്ചത് കൊടുക്കാത്തതിലുള്ള വിരോധം മൂലമാണ് ഇവര്‍ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പരാതിയെ തുടര്‍ന്ന് കറുകച്ചാല്‍ പൊലീസ് കേസെടുക്കുകയായിരുന്നു. മനേഷ് ജോസ് കറുകച്ചാല്‍ സ്റ്റേഷനിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. മറ്റു പ്രതിക്കായി തിരച്ചില്‍ ശക്തമാക്കി.