- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശാന്തിഗിരി ഫെസ്റ്റ് നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ മഹത്തായ ദര്‍ശനങ്ങളുടെ പ്രതിഫലനമെന്ന് ഗവര്‍ണര്‍; മൂന്നാം പതിപ്പിന് പ്രൗഡഗംഭീരമായ തുടക്കം
ശാന്തിഗിരി ഫെസ്റ്റ് മൂന്നാം പതിപ്പിന്റെ ഉദ്ഘാടനം ഗവര്‍ണര്‍ നിര്‍വഹിച്ചു
തിരുവനന്തപുരം: ജാതിയ്ക്കും മതത്തിനും അതീതമായി മനുഷ്യനെന്ന ഏകാത്മ സിദ്ധാന്തമാണ് നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ദര്‍ശനങ്ങളെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗുരുവിന്റെ നൂറാം ജന്മദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന ശാന്തിഗിരി ഫെസ്റ്റിലൂടെ ഗുരുവിന്റെ ആത്മീയദര്‍ശനങ്ങള്‍ പൊതുസമൂഹത്തിനുമുന്നില്‍ കൂടുതല്‍ പ്രതിഫലിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. പോത്തന്‍കോട് തുടക്കമായ ശാന്തിഗിരി ഫെസ്റ്റ് മൂന്നാം പതിപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
വാക്കാണ് സത്യം , സത്യമാണ് ഗുരു , ഗുരുവാണ് ദൈവം എന്ന ഗുരുവചനത്തെ അന്വര്‍ത്ഥമാക്കുന്ന ആദ്ധ്യത്മികകേന്ദ്രമാണ് ശാന്തിഗിരി. നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ അരുള്‍ പ്രകാരം അന്നദാനം, ആതുരസേവനം, ആത്മബോധനം എന്നീ സത്കര്‍മ്മങ്ങള്‍ക്കാണ് ആശ്രമം പ്രാധാന്യം നല്‍കി വരുന്നത്. ഈ മഹത്തായ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനുളള വിഭവസമാഹരണമാണ് ശാന്തിഗിരി ഫെസ്റ്റിന്റെ ലക്ഷ്യം. ആത്മീയ സാംസ്‌കാരിക പ്രവര്‍ത്തനം മാത്രമല്ല ആശ്രമം നടത്തുന്നത്. പരമ്പരാഗത ചികിത്സരംഗത്ത് നടത്തുന്ന ഗവേഷണവും ആയൂര്‍വേദത്തിന്റെയും സിദ്ധയുടെയും വളര്‍ച്ചയ്ക്കും നല്‍കുന്ന പ്രോത്സാഹനവും അഭിനന്ദനം അര്‍ഹിക്കുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ ഇത്തവണത്തെ ഫെസ്റ്റിലും പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് കെ.ജയന്‍, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍. അനില്‍കുമാര്‍, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍.സഹീറത്ത് ബീവി, ശാന്തിഗിരി ആത്മവിദ്യാലയം പ്രിന്‍സിപ്പല്‍ മെന്റര്‍ ഡോ.ജി.ആര്‍.കിരണ്‍, അഡൈ്വസര്‍ സബീര്‍ തിരുമല എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
വൈകുന്നേരം 6 മണിക്ക് ഫെസ്റ്റ് നഗരിയില്‍ എത്തിയ ഗവര്‍ണറെ ഗുരുധര്‍മ്മപ്രകാശസഭയിലെ അംഗങ്ങള്‍ ചേര്‍ന്ന് സ്വീകരിച്ചു. വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോട് കൂടിയാണ് ഗവര്‍ണറെ വേദിയിലേക്ക് ആനയിച്ചത്. ഫെസ്റ്റ് നഗരിയില്‍ എണ്‍പതടി നീളത്തിലും അറുപതടി വീതിയിലും ഒന്‍പതടി ഉയരത്തിലും പണികഴിപ്പിച്ച വേദിയിലാണ് ഉദ്ഘാടനചടങ്ങുകള്‍ നടന്നത്. ഉദ്ഘാടനത്തിനു ശേഷം ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ കലാസന്ധ്യയും അരങ്ങേറി.
പ്രദര്‍ശന വിപണനമേളകള്‍ക്ക് പുറമെ പ്രമുഖ പത്ര- ദൃശ്യ മാധ്യമങ്ങളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന മെഗാഷോകള്‍, വിശ്വസംസ്‌ക്രൃതി കലാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത കലാകാരന്‍മാരെ ഉള്‍പ്പെടുത്തി നടത്തുന്ന കലാജ്ഞലി, ജനകീയ വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍, സാഹിത്യോത്സവം, മാധ്യമ സെമിനാറുകള്‍, സംവാദങ്ങള്‍ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി വരുംദിവസങ്ങളില്‍ നടക്കും. വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് കലാജ്ഞലി വേദിയില്‍ യു.കെ. ബ്രദേഴ്‌സ് അവതരിപ്പിക്കുന്ന ദഫ് മുട്ട്, സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായ ഗായകര്‍ നടത്തുന്ന ഗാനകൈരളി എന്നിവയും ഉണ്ടാകും.