മലപ്പുറം: പൊന്നാനിയില്‍ അമൃത് പദ്ധതിയുടെ പൈപ്പിടാനായി കുഴിച്ച കുഴി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണമായിട്ടും റോഡ് പുനര്‍ നവീകരണത്തിന് തീരുമാനമായില്ല. ഒക്ടോബര്‍ 15 നകം തകര്‍ന്ന റോഡുകള്‍ നവീകരിക്കാനുള്ള ഉറപ്പ് ലംഘിച്ച് ഈ മാസം അവസാനത്തോടെ മാത്രമെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാവൂ എന്ന കരാറുകാരുടെ ഉറപ്പ് വിശ്വസിച്ച് പൊന്നാനി നഗരസഭയും.

തകര്‍ന്ന റോഡില്‍ താലൂക്കാശുപത്രിക്ക് മുന്നില്‍ ഒരു വിദ്യാര്‍ഥിയുടെ ജീവന്‍ പൊലിഞ്ഞിട്ടും നിസംഗത തുടരുകയാണ് അധികൃതര്‍. കഴിഞ്ഞ മാസം ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും നഗരസഭ ചെയര്‍മാന്‍ അന്ത്യശാസനം നല്‍കിയിരുന്നു. ഈ മാസം 15 നകം നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന ഉറപ്പാണ് ഇപ്പോള്‍ ലംഘിക്കുന്നത്. കഴിഞ്ഞ 22 ന് നിര്‍മാണം തുടങ്ങി 15 ന് അകം നവീകരണം പൂര്‍ത്തീകരിക്കാനാണ് അന്ന് കര്‍ശനമായ വ്യവസ്ഥയുണ്ടാക്കിയിരുന്നത്.

ഈ തീരുമാനം മറികടന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു വരെ നഗരസഭാധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. അമൃത് പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിക്കുന്നതിനായി പൊളിച്ചിട്ട റോഡുകള്‍ പൊന്നാനിയില്‍ വലിയ ഗതാഗത കുരുക്കും യാത്രാ തടസ്സവും സൃഷ്ടിച്ചതോടെയാണ് നഗരസഭയുടെ ഇടപെടലുണ്ടായത്. രണ്ട് മാസം മുന്‍പ് പി.നന്ദകുമാര്‍ എംഎല്‍എ നാട്ടുകാര്‍ക്ക് നല്‍കിയ ഉറപ്പും പാലിക്കപ്പെട്ടിരുന്നില്ല.

ഓഗസ്റ്റ് 30 നകം റോഡുകളുടെ നവീകരണം പൂര്‍ത്തിയാക്കുമെന്നാണ് എംഎല്‍എ ഉറപ്പ് നല്‍കിയിരുന്നത്. ഈ ഉറപ്പ് പാളിയതോടെയാണ് പിന്നീട് നഗരസഭയില്‍ കര്‍ശന താക്കീതുകളും ആസൂത്രണങ്ങളുമായി യോഗം ചേര്‍ന്നത് ഇപ്പോള്‍ ഇതും പാഴാവുകയാണ്. എല്ലാം നാട്ടുകാരെ പറഞ്ഞു പറ്റിക്കാനുള്ള ഉദ്യോഗസ്ഥജനപതിനിധി നാടകമാണെന്നാണ് നാട്ടുകാരുടെ ആരോപണം

ഉച്ചഭക്ഷണം കഴിക്കാന്‍ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഇന്നലെ ടോറസ് ലോറി ഇടിച്ച് മരണപ്പെട്ടത്. പൊന്നാനി എം .ഐ ബോയ്സ് ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും അഴീക്കല്‍ സ്വദേശി പൗറാക്കാനത്ത് ജുലൈലിന്റെ മകനുമായ അബ്ദുല്‍ ഹാദി ( 15) യാണ് അപകടത്തില്‍ മരണപ്പെട്ടത്.

സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് പോകുമ്പോള്‍ മറ്റൊരാളുടെ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറുകയായിരുന്നു.ഗുരുതരമായ പരുക്കേറ്റ രണ്ടു പേരെയും പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അബ്ദുള്‍ ഹാദിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മാതാവ്: ഹൗലത്ത്. സഹോദരങ്ങള്‍: സിനാന്‍, തമന്ന