തൊടുപുഴ: സിനിമാ സെറ്റിടുന്നതിനായി എത്തിയ ആര്‍ട്ട് ജീവനക്കാരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതായി പരാതി. സിനിമ ചിത്രീകരണത്തിന് മുന്നോടിയായി സെറ്റിടുന്നതിനെത്തിയ മൂന്ന് ആര്‍ട്ട് ജീവനക്കാരാണ് ആക്രമണത്തിനിരയായത്. കോഴിക്കോട് സ്വദേശി റെജില്‍, തിരുവനന്തപുരം സ്വദേശികളായ ജിഷ്ണു, ജയസേനന്‍ എന്നിവര്‍ക്കാണ് പരിക്ക്. തലക്ക് സാരമായി പരിക്കേറ്റ ജയസേനനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

തൊടുപുഴയിലെ സ്വകാര്യ ലോഡ്ജിലായിരുന്നു താമസം. അര്‍ധരാത്രി മുറിക്കുള്ളില്‍ അതിക്രമിച്ച് കയറിയ 20ഓളം പേരടങ്ങിയ സംഘമാണ് അക്രമം നടത്തിയതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. ഒരാഴ്ചയോളമായി തൊടുപുഴയില്‍ എത്തിയ ആറ് പേരടങ്ങുന്ന ആര്‍ട്ട് സംഘം രണ്ട് ലോഡ്ജിലായിരുന്നു താമസം.

തൊടുപുഴ സ്വദേശിയായ ഗുഡ്സ് വാഹനത്തിന്റെ ഡ്രൈവറുമായുണ്ടായ വാക്തര്‍ക്കമാണ് അതിക്രമത്തില്‍ കലാശിച്ചതെന്ന് പരിക്കേറ്റവര്‍ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.