- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചേലക്കരയില്‍ ഇടതുമുന്നണി വലിയ വിജയം നേടും; സ്ഥാനാര്‍ത്ഥിയുടെ പേര് സംസ്ഥാന സെക്രട്ടറി ഉടന്‍ പ്രഖ്യാപിക്കുമെന്നും കെ രാധാകൃഷ്ണന്‍
ചേലക്കരയില്‍ ഇടതുമുന്നണി വലിയ വിജയം നേടും: കെ രാധാകൃഷ്ണന്‍
തൃശൂര്‍: കേരളത്തില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി കെ രാധാകൃഷ്ണന്‍ എം പി. ചേലക്കരയിലെ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വലിയ വിജയം നേടുമെന്ന് കെ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സ്ഥാനാര്‍ത്ഥിയുടെ പേര് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണവിരുദ്ധ വികാരം ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ അതൊന്നും വിലപ്പോവില്ലെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. സിപിഐഎം സ്ഥാനാര്‍ത്ഥിയായി ചേലക്കരയില്‍ യു ആര്‍ പ്രദീപ് മത്സരത്തിനിറങ്ങാനാണ് സാധ്യത. ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും പ്രഥമ പേരായി നിര്‍ദ്ദേശിക്കപ്പെട്ടത് യു ആര്‍ പ്രദീപാണ്.
ചേലക്കരയില്‍ രമ്യ ഹരിദാസ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവുമെന്നാണ് സൂചന. സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ സംബന്ധിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഉടനുണ്ടാകും. ചേലക്കരയില്‍ പ്രൊഫ. ടി എന്‍ സരസുവാണ് ബിജെപിയുടെ പരിഗണനയിലുള്ളത്.
പാലക്കാട് ബിനുമോള്‍ക്കൊപ്പം മറ്റുള്ളവരെയും സിപിഐഎം പരിഗണിക്കുന്നുണ്ട്. വയനാട്ടില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി ആര് വരുമെന്ന ആകാംക്ഷയും നിലനില്‍ക്കുന്നുണ്ട്. മൂന്നു മണ്ഡലത്തിലും മൂന്നു വീതം പേരുകളാണ് കേന്ദ്ര നേതൃത്വത്തിന് നല്‍കിയിട്ടുള്ളതെന്നും വിജയ സാധ്യത കൂടുതലുള്ളവര്‍ സ്ഥാനാര്‍ത്ഥിയാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. അന്തിമ തീരുമാനം ബിജെപി കേന്ദ്ര നേതൃത്വം കൈക്കൊള്ളുമെന്നാണ് സംസ്ഥാന നേതാക്കള്‍ വ്യക്തമാക്കുന്നത്.