കൊച്ചി: ബോംബ് ഭീഷണിയെ തുടര്‍ന്ന്, കര്‍ശനമായ സുരക്ഷാ പരിശോധനയ്‌ക്കൊടുവില്‍ കൊച്ചി-ബെംഗളൂരു വിമാനം പുറപ്പെട്ടു. കൊച്ചിയില്‍ നിന്നു ബെംഗളുരുവിലേക്ക് പുറപ്പെടാനിരുന്ന അലയന്‍സ് വിമാനത്തിനാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് ബോംബ് ഭീഷണി ഉണ്ടായത്. അലയന്‍സ് എയറിന്റെ എക്‌സ് അക്കൗണ്ടിലാണ് ഭീഷണി സന്ദേശമെത്തിയത്. രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലും സമാനമായ വിധത്തിലുള്ള ഭീഷണി സന്ദേശമെത്തിയിരുന്നു.

15 മണിക്കൂറിനിടെ 8 വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. എയര്‍ ഇന്ത്യയുടെ മൂന്നു വിമാനങ്ങള്‍ക്കും ഇന്‍ഡിഗോയുടെ അഞ്ചു വിമാനങ്ങള്‍ക്കും ഭീഷണി സന്ദേശം ലഭിച്ചു. കഴിഞ്ഞ ഞായറാഴ്ചയ്ക്കുശേഷം 40 വ്യാജ ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചത്. അധികൃതര്‍ അന്വേഷണം ആരംഭിച്ചു. മിക്ക സന്ദേശങ്ങളും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.