തൃശൂര്‍: ഓര്‍ത്തഡോക്‌സ് - യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി ഓര്‍ത്തഡോക്‌സ് സഭ. ആറ് പള്ളികള്‍ ഏറ്റെടുക്കുന്നതില്‍ സാവകാശം തേടി സര്‍ക്കാര്‍ അപ്പീലുമായി സുപ്രീം കോടതിയില്‍ പോയതാണ് പ്രകോപനം. ക്രമസമാധാന പ്രശ്‌നം നിയന്ത്രിക്കുക, നിയമലംഘനം തടയുക ഇതൊക്കെ സര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ലേയെന്ന് തൃശൂര്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ചോദിച്ചു.

താല്‍പര്യങ്ങളുടെ സംരക്ഷകരാണോ സര്‍ക്കാര്‍ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ഈ നിര്‍ണായക ഘട്ടത്തില്‍ പാലക്കാട് ഒരു പത്രസമ്മേളനം വിളിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും മാര്‍ മിലിത്തിയോസ് മുന്നറിയിപ്പ് നല്‍കി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

''മലങ്കര സഭാ വിഷയത്തില്‍ സര്‍ക്കാര്‍ അപ്പീലുമായി സുപ്രീം കോടതിയില്‍!. കുറെ ചോദ്യങ്ങള്‍ ഇവിടെ ഉയരുന്നുണ്ട്: ക്രമസമാധാന പ്രശ്‌നം നിയന്ത്രിക്കുക, നിയമലംഘനം തടയുക ഇതൊക്കെ സര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ലേ? അതോ ചിലര്‍ പറയുന്നതുപോലെ ചില താല്‍പര്യങ്ങളുടെ സംരക്ഷകരാണോ സര്‍ക്കാര്‍? കളക്ടറും പോലീസ് അധികാരികളുമല്ലേ കോടതി വിധികള്‍ നടപ്പാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍? അവരെ ഒഴിവാക്കണം എന്ന് പറഞ്ഞാല്‍ പിന്നെ മുഖ്യമന്ത്രിയാണോ നടപ്പാക്കുക? കുറെക്കൂടെ സമയം വേണമെന്ന് പറഞ്ഞാല്‍ 2017 മുതല്‍ 2024 വരെ കിട്ടിയ സമയം മതിയായില്ല എന്നാണോ? ഏറെ മുന്നോട്ട് പോയാല്‍ ഈ നിര്‍ണ്ണായക ഘട്ടത്തില്‍ ഞാന്‍ പാലക്കാട് ഒരു പത്രസമ്മേളനം വിളിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരും''

അതേസമയം, യാക്കോബായ - ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കത്തില്‍ ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. തര്‍ക്കത്തിലുള്ള ആറ് പള്ളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. പള്ളികള്‍ ഏറ്റെടുക്കുന്ന ഉത്തരവ് നടപ്പാക്കാന്‍ സാവകാശം തേടിയാണ് അപ്പീല്‍. ഇല്ലാത്ത അധികാരം ഉപയോഗിച്ച് പള്ളിഭരണം ഏറ്റെടുക്കാന്‍ കോടതിയലക്ഷ്യ ഹര്‍ജികളില്‍ ഹൈക്കോടതി ഉത്തരവിടുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം.

ഏറ്റെടുക്കുന്നതില്‍ ക്രമസമാധാന പ്രശ്‌നമുണ്ടെന്നും സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ നടപടി സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ യാക്കോബായ സഭയും അപ്പീല്‍ നല്‍കിയിട്ടുണ്ട്. തങ്ങളുടെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് ഓര്‍ത്തഡോക്സ് സഭ തടസ ഹര്‍ജിയും നല്‍കി.

മുന്‍ ചീഫ് സെക്രട്ടറി ഡോ.വി.വേണു, പോലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് തുടങ്ങി ഒരു ഡസണില്‍ അധികം ഉദ്യോഗസ്ഥരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിത്തര്‍ക്ക വിഷയത്തില്‍ ഉള്‍പ്പെട്ട എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികളുടെ ഭരണം ഏറ്റെടുക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കേരളാ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

ഓര്‍ത്തോഡോക്സ് പക്ഷം നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ചാണ് ഈ ഉത്തരവ് ഹൈക്കോടതി പുറത്ത് ഇറക്കിയത്. എന്നാല്‍, കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിച്ച് ഇത്തരമൊരു ഉത്തരവ് നല്‍കാന്‍ ഹൈക്കോടതികള്‍ക്ക് അധികാരമില്ലെന്ന് സ്റ്റാന്റിംഗ് കോണ്‍സല്‍ സി.കെ.ശശി ഫയല്‍ ചെയ്ത ഉദ്യോഗസ്ഥരുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.