പാലക്കാട്: പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന ഡോ.പി.സരിന്‍ ഒന്നാമതെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സരിനെ ഒപ്പം കൂട്ടിയത് അടവുനയമാണ്. എ.കെ.ആന്റണിയും ഉമ്മന്‍ ചാണ്ടിയും കെ കരുണാകരനും ഇടതുപക്ഷത്തിനൊപ്പം വന്നിട്ടുണ്ട്. അവരെല്ലാം സരിനെ പോലെ മുന്‍പ് പാര്‍ട്ടിയെ വിമര്‍ശിച്ചിട്ടുണ്ടായിരുന്നു. കേരളതില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട് ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിക്ക് മാധ്യമങ്ങള്‍ അനാവശ്യ പ്രാധാന്യം നല്‍കുകയാണ്. വയനാട്ടില്‍ ആദ്യം രാഹുല്‍ വന്ന്, പോയി. ഇപ്പോള്‍ പ്രിയങ്ക വന്നു, പത്രിക കൊടുത്തു, അവരുടെ പാട് നോക്കി പോകും. എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് പാര്‍ട്ടിയെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. എന്നാലും മാധ്യമങ്ങള്‍ സിപിഎമ്മിനെതിരെ തന്നെയാണ്.

പ്രതിപക്ഷത്തെക്കാള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധത പറയുന്നത് മാധ്യമങ്ങളാണ്. അവര്‍ വലതുപക്ഷ ആശയമാണ് പ്രചരിപ്പിക്കുന്നത്. ഒരു വ്യാജ വാര്‍ത്ത പൊളിയുമ്പോള്‍ അടുത്തതുമായി വരും. മാധ്യമങ്ങളുടെ കളവ് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മനുസ്മൃതി തിരിച്ച് കൊണ്ട് വരണമെന്ന് പറയുന്നവരാണ് ആര്‍.എസ്.എസ്. അവര്‍ ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കുന്നില്ല. ഹിന്ദു രാഷ്ട്രം എന്നതാണ് ആര്‍എസ്എസിന്റെ വാദം. ന്യൂനപക്ഷ വര്‍ഗീയതയുടെ വക്താക്കളാണ് എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയും. എസ്ഡിപിഐയെ പോലെയായി മുസ്ലിം ലീഗും മാറി.

മുഖ്യമന്ത്രി കസേര നോക്കി ഇരിക്കുന്ന അഞ്ച് പേര്‍ കോണ്‍ഗ്രസിലുണ്ട്. ശശി തരൂര്‍, കെ.സുധാകരന്‍, കെ.സി.വേണുഗോപാല്‍, രമേശ് ചെന്നിത്തല, വി.ഡി.സതീശന്‍ എന്നിവരാണവര്‍. ഇവരാരും അടുത്ത തവണ മുഖ്യമന്ത്രി ആകില്ല. ഇടതുപക്ഷം തന്നെ മൂന്നാമതും സംസ്ഥാനത്ത് അധികാരത്തിലെത്തും. അന്‍വര്‍ ഒന്നുമല്ലെന്ന് പണ്ടേ പറഞ്ഞതാണ്. അന്‍വറിന്റെ റോഡ് ഷോയില്‍ പങ്കെടുത്ത കൂടുതല്‍ ആളുകളും ലീഗ്, എസ്.ഡി.പി.ഐ, ജമാ അത്ത് ഇസ്ലാമിയുടെ ആളുകളുമാണ്. റോഡ് ഷോയില്‍ ഏജന്റിനെ വച്ചാണ് അന്‍വര്‍ ആളുകളെ കൊണ്ടുവന്നതെന്നും അന്‍വര്‍ പറഞ്ഞു.