ചെങ്ങന്നൂര്‍: ഐ ടി ഐ മേഖലയില്‍ വ്യാപകമായ മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി പൊതു വിദ്യാഭ്യാസം,തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ചെങ്ങന്നൂര്‍ ഗവ. ഐ. ടി. ഐയിലെ പുതിയ കെട്ടിട സമുച്ചയം, ഹോസ്റ്റല്‍, തൊഴില്‍ മേള എന്നിവ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വേണ്ടത്ര പഠന സൗകര്യങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഐ ടി ഐകളെ അതത് പ്രദേശങ്ങളുടെ ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് പുതിയ സൗകര്യങ്ങള്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ചെങ്ങന്നൂര്‍ ഗവഃ ഐ ടി ഐ അതിന്റെ വജ്ര ജൂബിലി നിറവില്‍ എത്തി നില്‍ക്കുകയാണ്. നിലവില്‍ വിവിധ തൊഴില്‍ മേഖലകളിലെ 23 ട്രേഡുകളിലായി 1500ല്‍ പരം പരിശീലനാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി വരുന്നുണ്ട്. ആരംഭ കാലം മുതല്‍ നാളിതുവരെ സ്ഥാപനത്തില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ പരിശീലനാര്‍ത്ഥികള്‍ സ്വദേശത്തും വിദേശത്തുമുള്ള പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ തൊഴില്‍ കണ്ടെത്തിയതു വഴി സ്ഥാപനത്തിന്റെ യശ്ശസ്സുയര്‍ത്തുകയും നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക സാമൂഹിക രംഗങ്ങളില്‍ മാറ്റമുണ്ടാക്കുന്നതിനു നിസ്തുലമായ പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥാപനത്തിലെ പ്ളേസ്‌മെന്റ് സെല്‍ വഴി നിരവധി പേര്‍ക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ കണ്ടെത്താന്‍ സാധിക്കുന്നുണ്ട്. വിദേശ കമ്പനികളും ഇന്ത്യയിലെ പ്രമുഖ കമ്പനികളും അടക്കം നിരവധി കമ്പനികള്‍ തൊഴില്‍ ദാതാക്കളായി എത്തുന്ന തൊഴില്‍മേള എല്ലാവര്‍ഷവും സ്ഥാപനത്തില്‍ വച്ച് നടത്തുകയും ധാരാളം പേര്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്യുന്നുണ്ട്.

സ്ഥാപനത്തിന്റെ സര്‍വതോന്മുഖമായ വികസനം വഴി ഐ ടി ഐ യെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന് 71.2 കോടി രൂപ ചെലവില്‍ കിഫ്ബി മുഖേന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ 20 കോടി രൂപ ചെലവഴിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പുതിയ അക്കാദമിക് ബ്ലോക്കില്‍ 72345 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ മൂന്ന് നിലകളിലായി അത്യന്താധുനിക സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന 30 - സ്മാര്‍ട്ട് ക്ലാസ്റൂമുകള്‍, 5-വര്‍ക്ഷോപ്പുകള്‍ , ഡ്രോയിങ് ഹാള്‍, ലൈബ്രറി, 200 സീറ്റുകളുള്ള സെമിനാര്‍ ഹാള്‍, മിനി കോണ്‍ഫറന്‍സ് ഹാള്‍, സ്റ്റോര്‍ റൂം , 1.5ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള വാട്ടര്‍ ടാങ്ക് , പാര്‍ക്കിംഗ് ഏരിയ , സബ്‌സ്റ്റേഷന്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. അതോടൊപ്പം 12915 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നാല് നിലകളിലായി 68 പരിശീലനാര്‍ത്ഥികള്‍ക്കുള്ള താമസ സൗകര്യം, കിച്ചന്‍ , ഡൈനിങ്ങ് ഹാള്‍ എന്നിവ ഉള്‍കൊള്ളുന്ന ഹോസ്റ്റല്‍ സമുച്ചയവും സജ്ജമായിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.

ത്രീഡി പ്രിന്റിംഗ്, സോളാര്‍ ടെക്‌നിഷ്യന്‍ കോഴ്സുകള്‍ അടുത്തവര്‍ഷം ചെങ്ങന്നൂര്‍ ഐടിഐ ആരംഭിക്കും. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്ലാന്‍ ഫണ്ടില്‍ നിന്നും കൂടുതല്‍ തുക അനുവദിക്കും. ഐടിഐ യിലെ വര്‍ഷോപ്പുകള്‍ പുതുക്കിപ്പണിയും. മിടുക്കരായകുട്ടികളെ അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുപ്പിക്കാന്‍ ഐടിഐ യിലെ 123 അധ്യാപകരും ശ്രമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഫിഷറീസ്, സാംസ്‌ക്കാരിക, യുവജനകാര്യ വകുപ്പു മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. കേരളത്തിലെ ഒരു ഐടിഐക്കായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പണം മാറ്റിവച്ചത് ചെങ്ങന്നൂര്‍ ഐടിഐക്കാണെന്ന് മന്ത്രി പറഞ്ഞു. ഐടിഐയെ അന്താരാഷ്ട്ര നിലവാരത്തിലെ ഉയര്‍ത്താന്‍ 20 കോടി രൂപ അനുവദിക്കുമെന്ന് പറഞ്ഞപ്പോള്‍ ആദ്യം ആരും വിശ്വസിച്ചില്ല. പക്ഷേ എനിക്കുറപ്പുണ്ടായിരുന്നു. തുടര്‍ന്ന് യുദ്ധ കാലാടിസ്ഥാനത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചാണ് ഇപ്പോള്‍ ഉദ്ഘാടനത്തിന് സജ്ജമായത്. മികവിന്റെ പാതയിലുള്ള ചെങ്ങന്നൂര്‍ ഐടിഐയിലേക്ക് പുതിയ കോഴ്സുകള്‍ അനുവദിച്ചു തരണമെന്ന് വിദ്യാഭ്യാസ മന്ത്രിയോട് മന്ത്രി സജി ചെറിയാന്‍ ആവശ്യപ്പെട്ടു. ക്യാമ്പസിലെ ആഭ്യന്തര റോഡുകള്‍ നിര്‍മ്മിക്കുന്നതിനും മറ്റ് അറ്റകുറ്റപ്പണികള്‍ക്കും രണ്ടു കോടി രൂപ കൂടി അനുവദിക്കണം. ക്യാമ്പസില്‍ കളിസ്ഥലം നിര്‍മ്മിക്കുന്നതിന് അടുത്ത ബജറ്റില്‍ തുക വകയിരുത്താന്‍ ആവശ്യപ്പെടും. സ്ഥാപനം വൃത്തിയായി സൂക്ഷിക്കണമെന്നും അധ്യാപകരും വിദ്യാര്‍ത്ഥികളും ഇതിന് ആഴ്ചയില്‍ ഒരു മണിക്കൂര്‍ മാറ്റിവെക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കോണ്‍ട്രാക്ടര്‍ എ ജെ തോമസിനെ ചടങ്ങില്‍ ആദരിച്ചു. വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്നേഹഭവന്‍ നിര്‍മ്മിക്കുന്നതിന് എന്‍എസ്എസ് നടത്തുന്ന ധനസമാഹരണത്തിന്റെ ലക്കി ഡ്രോ കൂപ്പണ്‍ മന്ത്രി പ്രകാശനം ചെയ്തു.

ഡയറക്ടര്‍ ഓഫ് ട്രെയ്‌നിങ് സൂഫിയാന്‍ അഹമ്മദ് സ്വാഗതം പറഞ്ഞു. കെയ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ടിവി വിനോദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെങ്ങന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ. ശോഭ വര്‍ഗീസ് , വാര്‍ഡ് കൗണ്‍സിലര്‍ മനു കൃഷ്ണന്‍ , അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ട്രെയിനിങ് മിനി മാത്യു, എം. എഫ്. സാംരാജ് , ഡോ. എസ്. സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ സി എല്‍ അനുരാധ നന്ദി പറഞ്ഞു.